കരൂർ ദുരന്തം: പോലീസിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി വിജയ്
കരൂർ: 2025ലെ കരൂർ ദുരന്തവുമായി ബന്ധപ്പെട്ട് പോലീസിന്റെ നടപടികളെ വിമർശിച്ച് മുഖ്യമന്ത്രി വിജയ്. കരൂരിൽ നടത്തിയ റാലിക്ക് മുമ്പ് യഥാർത്ഥ സാഹചര്യം പോലീസ് അറിയിച്ചിരുന്നില്ലെന്നും, വിവരങ്ങൾ കൃത്യമായി ലഭിച്ചിരുന്നെങ്കിൽ പരിപാടി തന്നെ റദ്ദാക്കുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
നാമക്കലിൽ നടന്ന പൊതുയോഗത്തിന് ശേഷം കരൂരിലേക്ക് എത്തിയപ്പോൾ സ്ഥിതിഗതികളുടെ ഗൗരവം പോലീസ് മറച്ചുവെച്ചുവെന്നാണ് വിജയ് ആരോപിച്ചത്. ഇതാണ് തനിക്ക് സംഭവിച്ച വലിയ വീഴ്ചയെന്നും, അധികൃതരെ വിശ്വസിച്ചതാണ് പിഴവായിപ്പോയതെന്നും അദ്ദേഹം വ്യക്തമാക്കി.
കരൂരിലെ പൊതുയോഗത്തിൽ സംസാരിക്കവെ ദുരന്തത്തിൽപ്പെട്ടവരെ ഓർത്ത് വിജയ് വികാരാധീനനായി. തന്റെ ചിത്രം കണ്ടു സന്തോഷിച്ചെത്തിയ കുട്ടികൾ ഉൾപ്പെടെ നിരവധി പേർ അപകടത്തിൽപ്പെട്ടത് ഒരിക്കലും മറക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിന്റെ ഉത്തരവാദിത്തം തന്റെ മേൽ ചുമത്താൻ ചിലർ ശ്രമിച്ചുവെന്നും, അതിനെ രാഷ്ട്രീയമായി ഉപയോഗിക്കാൻ ശ്രമിച്ചതായും അദ്ദേഹം ആരോപിച്ചു.
തന്നെ ഭീഷണിപ്പെടുത്തിയും അപകീർത്തിപ്പെടുത്തിയും പിന്നോട്ടടിപ്പിക്കാനാകില്ലെന്നും ജനങ്ങൾക്കായി നിലകൊള്ളുന്നത് തുടരുമെന്നും വിജയ് പറഞ്ഞു. അധികാരത്തിനേക്കാൾ ജനങ്ങളുടെ താൽപര്യത്തിനാണ് താൻ മുൻഗണന നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സർക്കാർ ഓഫീസുകളിൽ ജനങ്ങൾ അനാവശ്യമായി ബുദ്ധിമുട്ടേണ്ട സാഹചര്യം അവസാനിപ്പിക്കുമെന്നും വിജയ് ഉറപ്പുനൽകി. വിവിധ ഓഫീസുകളിലേക്ക് ജനങ്ങളെ അലഞ്ഞുതിരിയാൻ നിർബന്ധിക്കുന്ന രീതിക്ക് വിരാമമിടുമെന്നും, ഭരണസംവിധാനത്തിൽ കൂടുതൽ സുതാര്യത ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അഴിമതിക്കെതിരെ ശക്തമായ നടപടികൾ തുടരുമെന്നും ജനവിശ്വാസം സംരക്ഷിക്കുന്ന ഭരണമാണ് ലക്ഷ്യമെന്നും വിജയ് പ്രസംഗത്തിൽ പറഞ്ഞു.












































































































































































































































































































































































































































