ജൂൺ 2, 2026
#Health #latest news #News

ലഹരിക്കെതിരെ ശക്തമായ പോരാട്ടം തുടരും; കുട്ടികളുമായി ദിവസവും സംസാരിക്കണമെന്ന് രക്ഷിതാക്കളോട് സർക്കാർ

Drug and Alcohol

തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കുമെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ വ്യക്തമാക്കി. വിദ്യാലയങ്ങളെ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ രക്ഷിതാക്കളുടെ സഹകരണം അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു.

സ്കൂൾ പ്രവേശനോത്സവ ചടങ്ങിൽ സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കുട്ടികളിൽ മയക്കുമരുന്നിന്റെ സ്വാധീനം ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ അധികൃതരെ അറിയിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു. ഓരോ ദിവസവും കുട്ടികളോട് സ്കൂളിലെ വിശേഷങ്ങൾ ചോദിച്ച് മനസിലാക്കാൻ രക്ഷിതാക്കൾ സമയം കണ്ടെത്തണമെന്നും മന്ത്രി നിർദേശിച്ചു.

സംസ്ഥാനത്ത് ലഹരിക്കെതിരായ പോരാട്ടത്തിനാണ് സർക്കാർ ഏറ്റവും കൂടുതൽ പ്രാധാന്യം നൽകുന്നതെന്നും വിദ്യാലയ പരിസരങ്ങളിലെ അനധികൃത പ്രവർത്തനങ്ങൾ തടയാൻ വിവിധ വകുപ്പുകളുടെ സംയുക്ത ഇടപെടൽ ശക്തമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രവേശനോത്സവ ചടങ്ങിൽ പങ്കെടുത്ത മുഖ്യമന്ത്രി വി.ഡി. സതീശനും രക്ഷിതാക്കളും അധ്യാപകരും തമ്മിലുള്ള മികച്ച ആശയവിനിമയത്തിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടി. കുട്ടികളുടെ കഴിവുകളും താൽപര്യങ്ങളും തിരിച്ചറിയുന്നതിൽ കുടുംബത്തിനും അധ്യാപകർക്കും വലിയ പങ്കുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

തന്റെ വിദ്യാർത്ഥി ജീവിതത്തിലെ അനുഭവങ്ങളും മുഖ്യമന്ത്രി പങ്കുവെച്ചു. പഠനകാലത്ത് പല കാര്യങ്ങളും സ്വയം കൈകാര്യം ചെയ്തിരുന്നുവെന്നും ഇന്നത്തെ സാഹചര്യത്തിൽ കുട്ടികളുമായി കൂടുതൽ സമയം ചെലവഴിക്കുകയും അവരുടെ പഠനവും മാനസികാവസ്ഥയും ശ്രദ്ധിക്കുകയും ചെയ്യേണ്ടത് രക്ഷിതാക്കളുടെ ഉത്തരവാദിത്വമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പൊതുവിദ്യാഭ്യാസ മേഖലയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനൊപ്പം കുട്ടികളെ ലഹരിയിൽ നിന്ന് അകറ്റി നിർത്തുന്നതിനും സർക്കാർ പ്രത്യേക പദ്ധതികൾ നടപ്പാക്കുമെന്ന് ചടങ്ങിൽ അറിയിച്ചു.

Leave a comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു