ഏപ്രിൽ 23, 2026
#latest news #News

വാൽപ്പാറ ദുരന്തം: കണ്ണീരോടെ യാത്രാമൊഴി; ഒൻപത് പേർക്ക് അന്തിമാഞ്ജലി അർപ്പിച്ച് ആയിരങ്ങൾ

Valparai accident

മലപ്പുറം: വാൽപ്പാറയിൽ ഉണ്ടായ ദാരുണ അപകടത്തിൽ ജീവൻ നഷ്ടമായ ആറു അധ്യാപകരടക്കം ഒൻപത് പേർക്ക് നാട്ടുകാർ കണ്ണീരോടെ യാത്രാമൊഴി നൽകി. മലപ്പുറം പാങ്ങ് ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂൾ മൈതാനത്ത് നടന്ന പൊതുദർശനത്തിൽ പ്രിയപ്പെട്ടവരെ അവസാനമായി കാണാനായി ആയിരങ്ങൾ ഒഴുകിയെത്തി. വികാരനിർഭരമായ അന്തരീക്ഷത്തിലാണ് അന്തിമാഞ്ജലി അർപ്പിച്ചത്.

പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം തമിഴ്നാട്ടിലെ പൊള്ളാച്ചിയിൽ നിന്ന് ആംബുലൻസുകളിലായി ഭൗതിക ശരീരങ്ങൾ നാട്ടിലെത്തിക്കുകയായിരുന്നു. രാവിലെ മുതൽ തന്നെ സ്കൂൾ മൈതാനത്ത് ജനക്കൂട്ടം നിറഞ്ഞിരുന്നു. ആരുടെയും നിർദ്ദേശമില്ലാതെ തന്നെ നാട്ടുകാർ നിരയായി നിന്നു പ്രിയപ്പെട്ടവരെ ആദരിക്കുകയും വിടചൊല്ലുകയും ചെയ്തു.

പൊതു ദർശനത്തിനിടെ നിരവധി പേർ നിയന്ത്രണം വിട്ട് കരഞ്ഞു. സഹപ്രവർത്തകരെയും അധ്യാപകരെയും നഷ്ടപ്പെട്ടതിന്റെ വേദന സ്കൂൾ അന്തരീക്ഷത്തിലും വ്യക്തമായി പ്രകടമായി. യൂണിഫോമിൽ എത്തിയ ചെറിയ കുട്ടികൾ അധ്യാപകർക്ക് യാത്രാമൊഴി നൽകുന്ന കാഴ്ച ഏറെ ഹൃദയഭേദകമായിരുന്നു.

രാവിലെ ഒമ്പത് മണിയോടെയാണ് ഒൻപത് പേരുടെയും ഭൗതിക ശരീരങ്ങൾ സ്കൂൾ മൈതാനത്ത് എത്തിച്ചത്. തുടർന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി, പി.കെ കുഞ്ഞാലിക്കുട്ടി, മഞ്ഞളാംകുഴി അലി എംഎൽഎ ഉൾപ്പെടെ നിരവധി പ്രമുഖർ അന്തിമാഞ്ജലി അർപ്പിച്ചു. ചൂട് കനത്ത സാഹചര്യത്തിലും ഏകദേശം ഒന്നരമണിക്കൂറോളം നീണ്ടുനിന്ന പൊതുദർശനത്തിൽ വലിയ ജനക്കൂട്ടം പങ്കെടുത്തു.

സംസ്കാര ചടങ്ങുകൾ വിവിധ സ്ഥലങ്ങളിൽ നടന്നു. ഏഴ് പേരുടെ സംസ്കാരം മൂന്ന് പള്ളികളിലായി പൂർത്തിയാക്കി. പ്രധാനാധ്യാപിക അജിതയുടെ സംസ്കാരം ഷൊർണൂർ ശാന്തിതീരത്തും ആശയുടേത് കൊളത്തൂരിലെ വീട്ടുവളപ്പിലുമായിരുന്നു. മറ്റുള്ളവരുടെ ഖബറടക്കം പാങ്ങിലെ വിവിധ ജുമാമസ്ജിദുകളിൽ നടന്നു.

അപകടത്തിൽ പരിക്കേറ്റ മൂന്ന് പേരുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്. ഈ ദുരന്തത്തിൽ രാഷ്ട്രപതിയും പ്രധാനമന്ത്രിയും അനുശോചനം രേഖപ്പെടുത്തി. ഒരു നാടിനെ മുഴുവൻ കണ്ണീരിലാഴ്ത്തിയ വാൽപ്പാറ ദുരന്തം ഏറെ വേദനയോടെ ഓർക്കപ്പെടുകയാണ്.

Leave a comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു