വനിതാ ബിൽ വിവാദങ്ങൾക്ക് പിന്നാലെ ഇന്ന് പ്രധാനമന്ത്രിയുടെ രാജ്യത്തോട് സന്ദേശം; രാത്രി 8.30ന്
ന്യൂഡൽഹി: രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാത്രി 8.30ന് എത്തും. ലോക്‌സഭയിൽ വനിതാ സംവരണ ഭേദഗതി ബിൽ പരാജയപ്പെട്ടതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ പ്രസംഗം എന്നത് ശ്രദ്ധേയമാണ്. ബില്ലുമായി ബന്ധപ്പെട്ട വിഷയങ്ങൾക്കും നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾക്കും പ്രാധാന്യം നൽകി സംസാരിക്കാനാണ് സാധ്യതയെന്നാണ് സൂചന.
വനിതാ സംവരണ ബിൽ ലോക്‌സഭയിൽ ആവശ്യമായ രണ്ടിൽ മൂന്നുഭൂരിപക്ഷം നേടാനാകാതെ പരാജയപ്പെട്ടിരുന്നു. 528 അംഗങ്ങൾ പങ്കെടുത്ത വോട്ടെടുപ്പിൽ 298 പേർ അനുകൂലിക്കുകയും 230 പേർ എതിര്‍ക്കുകയും ചെയ്തു. ബിൽ പാസാകാൻ ആവശ്യമായ ഭൂരിപക്ഷത്തിന് 54 വോട്ടുകളുടെ കുറവുണ്ടായിരുന്നു. ഇതോടെ രാജ്യത്തെ രാഷ്ട്രീയരംഗത്ത് വലിയ ചർച്ചകൾക്കും വാദപ്രതിവാദങ്ങൾക്കും തുടക്കമായി.
ബിൽ പരാജയപ്പെട്ടതിന് പിന്നാലെ ഭരണപക്ഷവും പ്രതിപക്ഷവും തമ്മിലുള്ള രാഷ്ട്രീയ പോര് ശക്തമായി. പ്രതിപക്ഷ പാർട്ടികൾ വനിതാ സംവരണത്തെ എതിർത്തതല്ലെന്നും മണ്ഡല പുനർനിർണയവുമായി ബന്ധപ്പെട്ട വ്യവസ്ഥകളോടുള്ള അസമ്മതമാണ് വോട്ടെടുപ്പിൽ പ്രതിഫലിച്ചതെന്നും വ്യക്തമാക്കിയിട്ടുണ്ട്. നിലവിലെ 543 സീറ്റുകളിൽ തന്നെ സംവരണം ഉടൻ നടപ്പിലാക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.
അതേസമയം, കോൺഗ്രസ്, ഡിഎംകെ, തൃണമൂൽ കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ വനിതാ സംവരണ ബിൽ പരാജയപ്പെടുത്തിയെന്ന പ്രചാരണം ശക്തമാക്കാനാണ് ബിജെപി കേന്ദ്രനേതൃത്വത്തിന്റെ തീരുമാനം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രത്യേകിച്ച് തിരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തിൽ ഈ വിഷയം ഉയർത്തിക്കാട്ടാൻ ബിജെപി ആസൂത്രണം ചെയ്യുന്നുണ്ട്. താഴെത്തട്ടിലേക്കും ഈ സന്ദേശം എത്തിക്കാൻ പ്രചാരണ തന്ത്രങ്ങൾ രൂപീകരിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
ബിൽ പരാജയപ്പെട്ടതിന് പിന്നാലെ പ്രതികരണവുമായി കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയും രംഗത്തെത്തി. ഏപ്രിൽ 17 എൻഡിഎയ്ക്ക് ‘കറുത്ത ദിനം’ ആണെന്നും ബിജെപിയിലുള്ള വിശ്വാസം ജനങ്ങൾക്ക് നഷ്ടപ്പെട്ടുവെന്നും അവർ ആരോപിച്ചു. അതേസമയം, ബിജെപിയുടെ ആരോപണങ്ങളെ ചെറുക്കാൻ ഇന്ത്യ സഖ്യം രാജ്യവ്യാപകമായി വാർത്താസമ്മേളനങ്ങൾ സംഘടിപ്പിക്കാനാണ് തീരുമാനം.
ഇത്തരം രാഷ്ട്രീയ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ ഇന്നത്തെ അഭിസംബോധന ഏറെ പ്രാധാന്യമാർജ്ജിക്കുന്നത്. വനിതാ സംവരണം, തിരഞ്ഞെടുപ്പ് രാഷ്ട്രീയങ്ങൾ, രാജ്യത്തിന്റെ വികസന ദിശ എന്നിവയുമായി ബന്ധപ്പെട്ട നിർണായക പ്രഖ്യാപനങ്ങൾ പ്രസംഗത്തിൽ ഉണ്ടാകാമെന്ന പ്രതീക്ഷയും ഉയരുന്നുണ്ട്.
















































































































































































































































































































































































































