കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര; ഇന്ന് മന്ത്രിസഭയുടെ നിർണായക തീരുമാനം
തിരുവനന്തപുരം: കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന പദ്ധതിയുടെ മാനദണ്ഡങ്ങൾ സംബന്ധിച്ച അന്തിമ തീരുമാനം ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗത്തിൽ ഉണ്ടാകും. പദ്ധതിയുടെ ആദ്യഘട്ടത്തിൽ ഓർഡിനറി സർവീസുകളിലായിരിക്കും സൗജന്യ യാത്ര നടപ്പാക്കുക എന്നതാണ് ലഭിക്കുന്ന വിവരം. മറ്റ് വിഭാഗം ബസുകളിലേക്കും പദ്ധതി വ്യാപിപ്പിക്കുന്ന കാര്യം വരുമാന-ചെലവ് കണക്കുകൾ വിലയിരുത്തിയ ശേഷമാകും തീരുമാനിക്കുക.
മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി പദ്ധതിയുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം നടത്താനിടയുണ്ട്. സ്ത്രീകൾക്കായുള്ള സൗജന്യ യാത്രാ പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി ആവശ്യമായാൽ സ്വകാര്യ ബസുകൾ വാടകയ്ക്ക് എടുക്കുന്നതും സർക്കാർ പരിഗണിക്കുന്നുണ്ട്. മലബാർ മേഖലയുൾപ്പെടെ പല ഭാഗങ്ങളിലും ഓർഡിനറി സർവീസുകളുടെ എണ്ണം കുറവായ സാഹചര്യത്തിലാണ് ഈ നീക്കം.
സൗജന്യ യാത്ര ചെയ്യുന്നവർക്ക് പ്രത്യേക ഡമ്മി ടിക്കറ്റുകൾ നൽകാനാണ് നിലവിലെ ആലോചന. യാത്രയുടെ ആരംഭ-അവസാന സ്ഥലങ്ങൾ രേഖപ്പെടുത്തുന്ന രീതിയിലായിരിക്കും ടിക്കറ്റുകൾ. സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വിഭാഗങ്ങൾക്കും പദ്ധതി ലഭ്യമാക്കുന്ന തരത്തിൽ ടിക്കറ്റിംഗ് സംവിധാനം ക്രമീകരിക്കുമെന്നും സൂചനയുണ്ട്.
അതേസമയം, സൗജന്യ യാത്ര ഓർഡിനറി ബസുകളിൽ മാത്രമായി പരിമിതപ്പെടുത്തുന്ന കാര്യത്തിൽ ഇതുവരെ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് ഗതാഗതമന്ത്രി സി.പി. ജോൺ വ്യക്തമാക്കി. സംസ്ഥാനത്ത് പ്രതിദിനം 10 മുതൽ 12 ലക്ഷം വരെ സ്ത്രീകളാണ് കെഎസ്ആർടിസി സേവനങ്ങളെ ആശ്രയിക്കുന്നതെന്നാണ് കണക്ക്. പദ്ധതി പ്രാബല്യത്തിൽ വരുന്നതോടെ യാത്രക്കാരുടെ എണ്ണം കൂടുതൽ വർധിക്കുമെന്നാണ് പ്രതീക്ഷ.
നിലവിൽ കെഎസ്ആർടിസിക്ക് 5,772 ബസുകളുണ്ടെങ്കിലും അറ്റകുറ്റപ്പണികൾ കാരണം ഏകദേശം 700 ബസുകൾ സർവീസിൽ ഇല്ല. ഇതോടെ ഏകദേശം 5,000 ബസുകളാണ് സർവീസ് നടത്തുന്നത്. ഈ സാഹചര്യത്തിൽ പദ്ധതിയുടെ സുഗമമായ നടത്തിപ്പിനായി കൂടുതൽ ബസുകൾ ആവശ്യമാകുമെന്നാണ് വിലയിരുത്തൽ.

















































































































































































































































































































































































































