ചിക്കമഗളൂരു ശ്രീനന്ദ മരണം: അപകടമല്ലെന്ന് കുടുംബം; ദുരൂഹത ആരോപണം ശക്തം
ചിക്കമഗളൂരു / ഒറ്റപ്പാലം: ചിക്കമഗളൂരുവിൽ വിനോദയാത്രയ്ക്കിടെ മരിച്ച പതിനഞ്ചുകാരി ശ്രീനന്ദയുടെ മരണം അപകടമല്ലെന്ന് കുടുംബം ആരോപിച്ചു. സംഭവത്തിൽ വ്യക്തമായ ദുരൂഹതയുണ്ടെന്നും സമഗ്ര അന്വേഷണം വേണമെന്നും കുടുംബം ആവശ്യപ്പെട്ടു. കുട്ടി ഒറ്റയ്ക്ക് മലമുകളിലേക്ക് പോകാൻ സാധ്യതയില്ലെന്നും, മരണത്തിൽ ഗൂഢാലോചനയുണ്ടാകാമെന്നുമാണ് ബന്ധുക്കളുടെ സംശയം.
മരണദിവസം തന്നെ കൃത്യമായ തെരച്ചിൽ നടത്തിയിരുന്നെങ്കിൽ കുട്ടിയെ രക്ഷിക്കാനാകുമായിരുന്നുവെന്നും കുടുംബം ആരോപിക്കുന്നു. ഡോഗ് സ്ക്വാഡ് പരിശോധനയ്ക്കിടെ കയറിച്ചെന്ന കടയിലെ ആളെ ചോദ്യം ചെയ്തിട്ടില്ലെന്നും, ഇയാളുടെ പങ്ക് പരിശോധിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു.
പാലക്കാട് കടമ്പഴിപ്പുറത്തെ രമേശ്–രോഹിണി ദമ്പതികളുടെ മകളാണ് ശ്രീനന്ദ. മാതാപിതാക്കൾ ഉൾപ്പെടെ 40 അംഗ സംഘത്തോടൊപ്പം വിനോദയാത്രയ്ക്കായാണ് അവർ ചിക്കമഗളൂരുവിലെത്തിയത്. ചൊവ്വാഴ്ച വൈകിട്ട് 5.20ഓടെയാണ് കുട്ടിയെ അവസാനമായി കണ്ടത്. പിന്നീട് കുട്ടിയെ കാണാതാവുകയായിരുന്നു.
നാലാം ദിവസത്തെ വ്യാപക തെരച്ചിലിനൊടുവിൽ 1500 അടി താഴ്ചയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. പ്രത്യേക ടാസ്ക് ഫോഴ്സിന്റെ നേതൃത്വത്തിൽ നടന്ന തെരച്ചിലിനിടെയായിരുന്നു മൃതദേഹം കണ്ടെത്തിയത്.
സംഭവസമയത്ത് പ്രദേശത്ത് മറ്റ് ചിലർ കൂടി ഉണ്ടായിരുന്നുവെന്നും, അവരെ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ തിരിച്ചറിയാനുള്ള ശ്രമം തുടരുകയാണെന്നും പൊലീസ് അറിയിച്ചു. കുട്ടിയെ തട്ടിക്കൊണ്ടുപോയിട്ടുണ്ടാകാമെന്ന സംശയം കുടുംബം നേരത്തെ തന്നെ ഉന്നയിച്ചിരുന്നു. ലഹരി നൽകി കുട്ടിയെ കടത്തിക്കൊണ്ടുപോയിരിക്കാമെന്ന ആശങ്കയും മാതാപിതാക്കൾ പങ്കുവെച്ചു.
സംഭവത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ചിക്കമഗളൂരു പൊലീസിനെ സമീപിച്ചിരിക്കുകയാണ്.



















































































































































































































































































































































































