ചിലന്തിയാർ ചെക്ക് ഡാം: സുപ്രീം കോടതിയിൽ സംസ്ഥാനത്തിന് ആശ്വാസം, എൻജിടി ഉത്തരവ് സ്റ്റേ
ദില്ലി: ഇടുക്കി വട്ടവടയിലെ ചിലന്തിയാർ ചെക്ക് ഡാം നിർമാണവുമായി ബന്ധപ്പെട്ട കേസിൽ സംസ്ഥാന സർക്കാരിന് സുപ്രീം കോടതിയിൽ വലിയ ആശ്വാസം. നിർമാണ പ്രവർത്തനങ്ങൾ തടഞ്ഞ ദേശീയ ഹരിത ട്രിബ്യൂണൽ (എൻജിടി) ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. സംസ്ഥാന സർക്കാരിന്റെ ഹർജിയിലാണ് കോടതി ഇടപെട്ടത്.
ചിലന്തിയാർ ചെക്ക് ഡാം നിർമാണം തടയുന്നതിന് എൻജിടി പുറപ്പെടുവിച്ച ഉത്തരവ് സുപ്രീം കോടതി താത്കാലികമായി നിർത്തിവെച്ചതോടൊപ്പം, എതിർകക്ഷികൾക്ക് നോട്ടീസും അയച്ചു. കേസിൽ വിശദമായ വാദം പിന്നീട് കേൾക്കും.
കേരള സർക്കാർ മാർച്ച് 25-നാണ് സുപ്രീം കോടതിയെ സമീപിച്ചത്. അന്തർ സംസ്ഥാന നദീജല തർക്കങ്ങളിൽ ഇടപെടാൻ എൻജിടിക്ക് അധികാരമില്ലെന്നാണ് സംസ്ഥാനത്തിന്റെ പ്രധാന വാദം. സംസ്ഥാന ചീഫ് സെക്രട്ടറി എസ് ജയതിലകാണ് ഹർജി സമർപ്പിച്ചത്.
വട്ടവട പഞ്ചായത്തിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായി ചിലന്തിയാർ ചെക്ക് ഡാം നിർമാണം അത്യാവശ്യമാണെന്ന് സംസ്ഥാന സർക്കാർ കോടതിയിൽ വ്യക്തമാക്കി. ജൽ ജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായാണ് ഈ ഡാം നിർമ്മിക്കുന്നത് എന്നും സർക്കാർ വിശദീകരിച്ചു.
അതേസമയം, തമിഴ്നാട്ടിലെ അമരാവതി അണക്കെട്ടിലേക്കുള്ള ജലപ്രവാഹം കുറയുമെന്ന ആശങ്ക ചൂണ്ടിക്കാട്ടിയാണ് എൻജിടി നിർമാണം സ്റ്റേ ചെയ്തത്. ഇതിനെതിരെ കേരളം ശക്തമായി രംഗത്തെത്തിയിരുന്നു.
കേസിൽ സംസ്ഥാന സർക്കാരിനായി മുതിർന്ന അഭിഭാഷകൻ ജയദീപ് ഗുപ്ത, സ്റ്റാൻഡിംഗ് കൗൺസൽ നിഷേ രാജൻ ഷൊങ്കർ, ആലിം അൻവർ എന്നിവർ ഹാജരായി. അടുത്ത വാദത്തിൽ നിർണായക തീരുമാനങ്ങൾ ഉണ്ടാകുമെന്നാണു സൂചന.
ചിലന്തിയാർ ചെക്ക് ഡാം പദ്ധതി നടപ്പായാൽ വട്ടവട മേഖലയിലെ കുടിവെള്ള പ്രശ്നങ്ങൾക്ക് സ്ഥിരപരിഹാരം ഉണ്ടാകുമെന്ന് സർക്കാർ പ്രതീക്ഷിക്കുന്നു. കോടതിയുടെ ഇടപെടൽ പദ്ധതിക്ക് താൽക്കാലികമായി ഗതി വീണ്ടെടുക്കാൻ സഹായിച്ചതായി വിലയിരുത്തപ്പെടുന്നു.



















































































































































































































































































































































































