ഫിഫ ലോകകപ്പ് 2026ന് ഇന്ന് കിക്കോഫ്; 48 ടീമുകളുമായി ചരിത്രത്തിലെ ഏറ്റവും വലിയ ഫുട്ബോൾ മാമാങ്കം
ലോക ഫുട്ബോളിന്റെ ഏറ്റവും വലിയ ആഘോഷമായ ഫിഫ ലോകകപ്പ് 2026ന് ഇന്ന് തുടക്കമാകും. ഇന്ത്യൻ സമയം പുലർച്ചെ 12.30ന് നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ മെക്സിക്കോയും ദക്ഷിണാഫ്രിക്കയും ഏറ്റുമുട്ടും. അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ മൂന്ന് രാജ്യങ്ങൾ ചേർന്നാണ് ഇത്തവണ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്.
ഫിഫ ലോകകപ്പിന്റെ ചരിത്രത്തിൽ ആദ്യമായാണ് 48 ടീമുകൾ പങ്കെടുക്കുന്ന വിപുലമായ ടൂർണമെന്റ് അരങ്ങേറുന്നത്. ഇതോടെ മത്സരങ്ങളുടെ എണ്ണം 64ൽ നിന്ന് 104 ആയി ഉയർന്നിട്ടുണ്ട്. ജൂൺ 12 മുതൽ ജൂലൈ 19 വരെ 16 വേദികളിലായി ലോകത്തിലെ മികച്ച ടീമുകൾ കിരീടത്തിനായി പോരാടും.
നിലവിലെ ചാമ്പ്യൻമാരായ അർജന്റീന കിരീടം നിലനിർത്താനാണ് ഇറങ്ങുന്നത്. ആറാം ലോകകപ്പ് സ്വപ്നവുമായി ബ്രസീലും ശക്തമായ സാന്നിധ്യമാകും. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ നേതൃത്വത്തിൽ പോർച്ചുഗലും, യുവതാരം ലാമിൻ യമാലിന്റെ കരുത്തിൽ യൂറോപ്യൻ ചാമ്പ്യൻമാരായ സ്പെയിനും ശ്രദ്ധാകേന്ദ്രങ്ങളാണ്. കിലിയൻ എംബാപ്പെയുടെ ഫ്രാൻസും കരുത്തരായ ജർമ്മനിയും ഉൾപ്പെടെ നിരവധി വമ്പൻ ടീമുകൾ ഇത്തവണ കിരീടപ്പോരാട്ടത്തിൽ സജീവമാകും.
മത്സരങ്ങൾക്ക് കൂടുതൽ കൃത്യതയും സാങ്കേതിക മികവും ഉറപ്പാക്കുന്നതിനായി പുതിയ സാങ്കേതിക സംവിധാനങ്ങളും ഔദ്യോഗിക മത്സര പന്തായ ‘ട്രിയോണ്ട’യും ലോകകപ്പിൽ അവതരിപ്പിച്ചിട്ടുണ്ട്.
ഫുട്ബോൾ ആരാധകർക്ക് ആവേശ നിമിഷങ്ങൾ സമ്മാനിക്കുന്നതോടൊപ്പം പുതിയ താരങ്ങളുടെ ഉദയത്തിനും ചില ഇതിഹാസങ്ങളുടെ അവസാന ലോകകപ്പിനും ഈ ടൂർണമെന്റ് സാക്ഷിയാകുമെന്നാണ് വിലയിരുത്തൽ.




















































































































































































































































































































































































































