ഇടിമിന്നലോടുകൂടിയ ശക്തമായ മഴക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ജാഗ്രത നിർദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് കാലാവസ്ഥയിൽ വീണ്ടും നിർണായക മാറ്റം. ശക്തമായ മഴക്കും ഇടിമിന്നലിനും സാധ്യത കണക്കിലെടുത്ത് കോട്ടയം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ ഈ ജില്ലകളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
കാലാവസ്ഥാ വ്യതിയാനത്തിന്റെ പശ്ചാത്തലത്തിൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. പ്രത്യേകിച്ച് ഇടിമിന്നൽ ഉണ്ടാകുന്ന സാഹചര്യത്തിൽ തുറസായ സ്ഥലങ്ങളിൽ നിൽക്കുന്നതും മരച്ചുവട്ടിൽ അഭയം തേടുന്നതും പരമാവധി ഒഴിവാക്കണം. വൈദ്യുത ഉപകരണങ്ങളുടെ ഉപയോഗത്തിലും മുൻകരുതൽ സ്വീകരിക്കേണ്ടതുണ്ടെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.
ഇതിനിടെ ഇടുക്കി ജില്ലയിലെ വണ്ടിപ്പെരിയാർ മ്ലാമല മേഖലയിൽ ശക്തമായ മഴയും കാറ്റും വ്യാപക നാശനഷ്ടമാണ് വിതച്ചത്. കനത്ത കാറ്റിൽ നിരവധി മരങ്ങൾ കടപുഴകി വീഴുകയും വൈദ്യുതി പോസ്റ്റുകൾ തകരുകയും ചെയ്തു. ചില വ്യാപാര സ്ഥാപനങ്ങളുടെ മേൽക്കൂരകൾ കാറ്റിൽ പറന്നുപോയതായും റിപ്പോർട്ടുകളുണ്ട്. പ്രദേശത്ത് കാർഷിക മേഖലയിലും വലിയ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. കൃഷിയിടങ്ങളിലെ വിളകൾ കനത്ത മഴയിലും കാറ്റിലും തകർന്നതോടെ കർഷകർ ആശങ്കയിലാണ്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ അടുത്ത ദിവസങ്ങളിലും മഴ ശക്തിപ്രാപിക്കാനാണ് സാധ്യത. വ്യാഴാഴ്ച മുതൽ ശനിയാഴ്ച വരെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വ്യാഴാഴ്ച കണ്ണൂർ, കാസർകോട് ജില്ലകളിലും വെള്ളിയാഴ്ച പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലകളിലും ശനിയാഴ്ച ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലുമാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
അതേസമയം, കഴിഞ്ഞ ദിവസങ്ങളിലേതുപോലെ ഉയർന്ന താപനില മുന്നറിയിപ്പ് ഇന്ന് സംസ്ഥാനത്ത് നൽകിയിട്ടില്ലെന്നതും ആശ്വാസകരമാണ്. ചൂടിന് പിന്നാലെ മഴ ശക്തമാകുന്നത് കാലാവസ്ഥയിൽ വലിയ മാറ്റത്തിന് സൂചനയാണെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്.
മലയോര മേഖലകളിലേക്കും വെള്ളച്ചാട്ട പ്രദേശങ്ങളിലേക്കും യാത്ര പോകുന്നവർ ജാഗ്രത പാലിക്കണമെന്നും, താഴ്ന്ന പ്രദേശങ്ങളിലുള്ളവർ വെള്ളക്കെട്ടിനും അപ്രതീക്ഷിത വെള്ളപ്പാച്ചിലിനും മുൻകരുതൽ സ്വീകരിക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.























































































































































































































































































































































































