സംസ്ഥാനത്ത് മഴ കനക്കുന്നു; മൂന്ന് ദിവസത്തിൽ 232% അധികമഴ, കാലവർഷക്കെടുതിയിൽ മരണം 16 ആയി
തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം വീണ്ടും ശക്തിപ്രാപിച്ചതോടെ വിവിധ ജില്ലകളിൽ വ്യാപക നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നു. ഓഗസ്റ്റ് 1 മുതൽ 3 വരെ ലഭിച്ച മഴയുടെ കണക്ക് പ്രകാരം, സാധാരണ ലഭിക്കേണ്ടതിനെക്കാൾ 232 ശതമാനം അധികമഴയാണ് കേരളത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
ഈ മൂന്ന് ദിവസങ്ങളിൽ സംസ്ഥാനത്ത് ശരാശരി 55.4 മില്ലിമീറ്റർ മഴ ലഭിക്കേണ്ടിടത്ത് 184.2 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്. ഏറ്റവും കൂടുതൽ മഴ ലഭിച്ചത് കോഴിക്കോട് ജില്ലയിലാണ്. ഇവിടെ 257.4 മില്ലിമീറ്റർ മഴ രേഖപ്പെടുത്തി. പത്തനംതിട്ടയിൽ 533 ശതമാനം അധികമഴ ലഭിച്ചതും ശ്രദ്ധേയമാണ്.
മറ്റ് പ്രധാന ജില്ലകളിലെ മഴയുടെ കണക്ക്:
- കണ്ണൂർ – 227 മില്ലിമീറ്റർ
- ഇടുക്കി – 210 മില്ലിമീറ്റർ
- മലപ്പുറം – 205 മില്ലിമീറ്റർ
- കോട്ടയം – 199.3 മില്ലിമീറ്റർ
കാലവർഷക്കെടുതിയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് മരണസംഖ്യ 16 ആയി ഉയർന്നു. കോട്ടയം ആറുമാനൂരിൽ വെള്ളത്തിൽ വീണ യുവാവ് മരിച്ചു. പന്തളത്തെ കരിങ്ങാലി പുഞ്ചയിൽ നീന്തുന്നതിനിടെ ഒഴുക്കിൽപ്പെട്ട യുവാവിനായുള്ള തിരച്ചിൽ തുടരുകയാണ്.
ദുരന്തബാധിതർക്കായി സംസ്ഥാന സർക്കാർ നഷ്ടപരിഹാരവും പ്രഖ്യാപിച്ചിട്ടുണ്ട്. മരിച്ചവരുടെ കുടുംബങ്ങൾക്ക് എട്ട് ലക്ഷം രൂപ, വീടും സ്ഥലവും പൂർണമായി നഷ്ടപ്പെട്ടവർക്ക് 12 ലക്ഷം രൂപ, വീട് പൂർണമായി തകർന്നവർക്ക് ആറ് ലക്ഷം രൂപ വീതം നൽകാനാണ് തീരുമാനം.
കനത്ത മഴയെ തുടർന്ന് പത്തനംതിട്ട ജില്ലയിലെ ആറന്മുളയിലും ആലപ്പുഴയിലെ അപ്പർ കുട്ടനാട് മേഖലയിലും സ്ഥിതി കൂടുതൽ ഗുരുതരമാണ്. പലയിടങ്ങളിലും വെള്ളക്കെട്ട് രൂക്ഷമായതിനാൽ ജനങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുന്ന നടപടികൾ പുരോഗമിക്കുകയാണ്.
റാന്നിയിൽ വെള്ളം കുറഞ്ഞതിനെ തുടർന്ന് ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. വടക്കൻ ജില്ലകളിലെ വിവിധ പ്രദേശങ്ങളിൽ മണ്ണിടിച്ചിലും വീടുകൾക്ക് കേടുപാടുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ദുരന്തസാധ്യത കണക്കിലെടുത്ത് ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു

















































































































































































































































































































































































































































