പകർച്ചവ്യാധികൾ ആശങ്കയാകുന്നു; ഒരുദിവസം 13,000ത്തിലേറെ പേർ ചികിത്സ തേടി
സംസ്ഥാനത്ത് പകർച്ചവ്യാധികളുടെ വ്യാപനം ആരോഗ്യവകുപ്പിന് ആശങ്കയാകുന്നു. കഴിഞ്ഞ ദിവസം മാത്രം 13,025 പേരാണ് വിവിധ പകർച്ചപ്പനികളുടെയും അനുബന്ധ രോഗങ്ങളുടെയും ലക്ഷണങ്ങളോടെ ആശുപത്രികളിൽ ചികിത്സ തേടിയത്. ഡെങ്കിപ്പനി, എലിപ്പനി, ഷിഗെല്ല, മലേറിയ തുടങ്ങിയ രോഗങ്ങളുടെ കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പ് ജാഗ്രത ശക്തമാക്കിയിട്ടുണ്ട്.
ഇന്നലെ മാത്രം നാലുപേർക്കാണ് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചത്. മലപ്പുറത്ത് രണ്ട് പേർക്കും കോഴിക്കോട്, വയനാട് ജില്ലകളിൽ ഓരോരുത്തർക്കുമാണ് രോഗം കണ്ടെത്തിയത്. ഈ മാസം ഇതുവരെ സംസ്ഥാനത്ത് 38 പേർക്ക് ഷിഗെല്ല സ്ഥിരീകരിച്ചതായാണ് കണക്ക്. കഴിഞ്ഞ ആറുമാസത്തിനിടെ ഷിഗെല്ല മൂലം രണ്ട് മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഡെങ്കിപ്പനിയും ആശങ്ക ഉയർത്തുന്നുണ്ട്. ഇന്നലെ 134 പുതിയ ഡെങ്കിപ്പനി കേസുകളാണ് റിപ്പോർട്ട് ചെയ്തത്. കൂടാതെ ഒരു ഡെങ്കിപ്പനി മരണവും ഒരു എലിപ്പനി മരണവും രേഖപ്പെടുത്തി. 11 പേർക്ക് എലിപ്പനിയും മൂന്ന് പേർക്ക് മലേറിയയും സ്ഥിരീകരിച്ചിട്ടുണ്ട്.
മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതൽ പേർ ചികിത്സ തേടിയത്. കഴിഞ്ഞ ദിവസം മാത്രം 2,495 പേരാണ് പകർച്ചപ്പനി ലക്ഷണങ്ങളോടെ ആശുപത്രികളിലെത്തിയത്. ആരോഗ്യവകുപ്പ് ജില്ലകളിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയിട്ടുണ്ട്.
ഇതിനിടെ കോഴിക്കോട് നിപ വൈറസ് ബാധ സ്ഥിരീകരിച്ച 43-കാരന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. രോഗി വെന്റിലേറ്റർ സഹായത്തോടെ ഐസൊലേഷൻ വാർഡിൽ ചികിത്സയിലാണ്. രോഗവ്യാപനം തടയുന്നതിനായി ആരോഗ്യവകുപ്പ് രോഗിയുടെ യാത്രാവിവരങ്ങൾ പുറത്തുവിട്ടതോടൊപ്പം സമ്പർക്കപ്പട്ടികയിലുള്ളവരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.























































































































































































































































































































































































































