ഏപ്രിൽ 30, 2026
#latest news #News

പാമ്പുകടി മരണങ്ങൾ തടയാൻ സമഗ്ര കർമ്മപദ്ധതി; ഹോട്ട്സ്പോട്ട് മാപ്പിംഗ്, ആന്റിവെനം സൗകര്യം ശക്തമാക്കും

snake bite prevention

തിരുവനന്തപുരം: സംസ്ഥാനത്ത് പാമ്പുകടിയേറ്റ് ഉണ്ടാകുന്ന മരണങ്ങൾ പരമാവധി കുറയ്ക്കുന്നതിനായി ആരോഗ്യ വകുപ്പ് സമഗ്ര കർമ്മപദ്ധതി തയ്യാറാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. പാമ്പുകടി കേസുകൾ കൂടുതൽ കാര്യക്ഷമമായി നിരീക്ഷിക്കാനും അതിവേഗ ചികിത്സ ഉറപ്പാക്കാനും ലക്ഷ്യമിട്ടുള്ള പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ ആശുപത്രികളുടെ ഹോട്ട്സ്പോട്ട് മാപ്പിംഗ് നടത്തും. പാമ്പുകടി കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്യുന്ന ആശുപത്രികളെ ‘റെഡ് ഫ്‌ളാഗ്ഡ് ഇൻസ്റ്റിറ്റ്യൂഷൻസ്’ ആയി തിരിച്ചറിഞ്ഞ് അവിടങ്ങളിൽ അധിക ചികിത്സാ സൗകര്യങ്ങൾ ഒരുക്കാനാണ് തീരുമാനം.

ലഭ്യമായ ആരോഗ്യ ഡാറ്റയുടെ അടിസ്ഥാനത്തിൽ പാമ്പുകടി കൂടുതൽ റിപ്പോർട്ട് ചെയ്യുന്ന മേഖലകൾ പ്രത്യേകം തിരിച്ചറിഞ്ഞ് അവിടങ്ങളിൽ പ്രതിരോധ പ്രവർത്തനങ്ങളും ചികിത്സാ സംവിധാനങ്ങളും ശക്തിപ്പെടുത്തും. സാമൂഹികാധിഷ്ഠിത നിരീക്ഷണ സംവിധാനം വഴി പാമ്പുകടി കേസുകൾ റിപ്പോർട്ട് ചെയ്യുന്നതിനുള്ള സൗകര്യവും ഒരുക്കും. ചികിത്സ ലഭിക്കാൻ ഉണ്ടാകുന്ന കാലതാമസം പ്രത്യേകം വിലയിരുത്തി അടിയന്തര ഇടപെടലുകൾ നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.

ആശുപത്രികളെ ഹബ് ആൻഡ് സ്‌പോക്ക് മാതൃകയിൽ ക്രമീകരിച്ച് റഫറൽ സംവിധാനം കൂടുതൽ കാര്യക്ഷമമാക്കും. ആന്റിവെനം ലഭ്യമായ ആശുപത്രികളിലേക്ക് പെട്ടെന്ന് എത്തിച്ചേരാൻ പ്രയാസമുള്ള ദൂരപ്രദേശങ്ങളിലെ പി.എച്ച്.സി, സി.എച്ച്.സി കേന്ദ്രങ്ങളിലേക്കും ആന്റി-സ്നേക്ക് വെനം ലഭ്യമാക്കും. പ്രാഥമിക ചികിത്സാ കേന്ദ്രങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുകയും അപകടസാധ്യത കൂടുതലുള്ള മേഖലകളിൽ പ്രത്യേക ചികിത്സാ യൂണിറ്റുകൾ ഒരുക്കുകയും ചെയ്യും.

സംസ്ഥാനത്ത് കാണപ്പെടുന്ന ഹമ്പ് നോസ് പിറ്റ് വൈപ്പർ, മലബാർ പിറ്റ് വൈപ്പർ പോലുള്ള വിഷപ്പാമ്പുകളുടെ കടിയേറ്റ് ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിനായി പ്രത്യേക ചികിത്സാ പ്രോട്ടോക്കോളുകളും നടപ്പിലാക്കും. ഡോക്ടർമാർക്ക് വിവിധ പാമ്പുകളെ തിരിച്ചറിയാനുള്ള പരിശീലനവും, നഴ്‌സുമാർക്ക് അടിയന്തര ശ്വാസസഹായ സംവിധാനമായ Laryngeal Mask Airway (LMA) പരിശീലനവും നൽകും.

ശക്തമായ ബോധവത്കരണ ക്യാമ്പെയ്ൻ

പാമ്പുകടി പ്രതിരോധത്തിൽ പൊതുജന ബോധവത്കരണത്തിനും വലിയ പ്രാധാന്യം നൽകും. സർപ്പ വോളന്റിയർമാരുടെ സഹായത്തോടെ സ്കൂളുകളിലും പൊതുസ്ഥലങ്ങളിലും ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിക്കും. സ്കൂൾ സോഷ്യൽ മീഡിയ ക്ലബ്ബുകൾ വഴി വിദ്യാഭ്യാസ വീഡിയോകൾ തയ്യാറാക്കി വിദ്യാർത്ഥികളിലേക്കും രക്ഷിതാക്കളിലേക്കും സുരക്ഷാ സന്ദേശം എത്തിക്കും. പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെയും സർക്കാർ-സ്വകാര്യ പങ്കാളിത്തത്തോടെയും പരിശീലന പരിപാടികൾ സംഘടിപ്പിക്കും.

ആന്റിവെനം ലഭ്യത വർധിപ്പിച്ചു

സംസ്ഥാനത്ത് കഴിഞ്ഞ വർഷം 133 ആശുപത്രികളിലേക്ക് 8456 വയൽ ആന്റി-സ്നേക്ക് വെനം വിതരണം ചെയ്തതിൽ 6382 വയൽ രോഗികൾക്ക് നൽകി. കഴിഞ്ഞ വർഷം 18 മരണങ്ങൾ മാത്രമാണ് റിപ്പോർട്ട് ചെയ്തതെന്നും, അതായത് ഭൂരിഭാഗം രോഗികളെയും സമയബന്ധിത ചികിത്സയിലൂടെ രക്ഷിക്കാനായതായും ആരോഗ്യ വകുപ്പ് വ്യക്തമാക്കി. നിലവിൽ 151 സർക്കാർ ആശുപത്രികളിലും 150 സ്വകാര്യ ആശുപത്രികളിലും ആന്റിവെനം ലഭ്യമാണ്.

108 ആംബുലൻസ് സേവനം നിർണായകം

പാമ്പുകടി സംഭവിച്ചാൽ എത്രയും വേഗം ചികിത്സ ലഭ്യമാക്കാൻ കനിവ് 108 ആംബുലൻസ് സേവനം കൂടുതൽ ശക്തമാക്കിയിട്ടുണ്ട്. ആന്റിവെനം ലഭ്യമായ ആശുപത്രികളിലേക്ക് രോഗികളെ വേഗത്തിൽ എത്തിക്കുന്നതിന് പ്രത്യേക സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. പരിശീലനം ലഭിച്ച എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻമാർ വഴി പ്രഥമ ശുശ്രൂഷയും യാത്രയ്ക്കിടയിലെ നിരീക്ഷണവും ഉറപ്പാക്കും. സേവനം ആരംഭിച്ച ശേഷം വെറും അഞ്ച് ദിവസത്തിനിടെ പാമ്പുകടിയേറ്റ 75 പേരെയും സംശയാസ്പദമായി പാമ്പുകടി റിപ്പോർട്ട് ചെയ്ത 62 പേരെയും സമയബന്ധിതമായി ആശുപത്രിയിലെത്തിക്കാൻ കഴിഞ്ഞത് പദ്ധതിയുടെ ഫലപ്രാപ്തി വ്യക്തമാക്കുന്നതാണ്.

പാമ്പുകടിയേറ്റാൽ ശ്രദ്ധിക്കേണ്ടത്

പാമ്പുകടിയേറ്റ വ്യക്തിയെ ഭയപ്പെടുത്താതെ ശാന്തനാക്കി ഇരുത്തുകയോ കിടത്തുകയോ ചെയ്യുക. അനാവശ്യ ചലനം വിഷം ശരീരത്തിലാകെ പടരാൻ കാരണമാകാം. കടിയേറ്റ ഭാഗം അനക്കാതെ വയ്ക്കുക. മുറിവ് അമിതമായി മുറുക്കിക്കെട്ടരുത്. വ്യക്തിയെ നടക്കാൻ അനുവദിക്കാതെ എടുത്തോ സ്ട്രച്ചറിൽ കിടത്തിയോ ആശുപത്രിയിലെത്തിക്കുകയാണ് ഏറ്റവും പ്രധാനമെന്ന് ആരോഗ്യ വകുപ്പ് നിർദേശിക്കുന്നു.

Leave a comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു