ലോകകപ്പ് തുടക്കത്തിൽ ബ്രസീലിന് തിരിച്ചടി; ആദ്യ മത്സരത്തിൽ നെയ്മർ കളിക്കില്ല
ഫിഫ ലോകകപ്പ് 2026-ൽ ബ്രസീലിന്റെ ആദ്യ മത്സരത്തിൽ സൂപ്പർതാരം നെയ്മർ ജൂനിയർ ഉണ്ടാകില്ലെന്ന് പരിശീലകൻ കാർലോ ആൻചലോട്ടി സ്ഥിരീകരിച്ചു. പരിക്കിൽ നിന്ന് പൂർണമായും മുക്തനാകാത്തതിനാലാണ് താരത്തെ ആദ്യ മത്സരത്തിനായി പരിഗണിക്കാത്തത്.
ഇന്ത്യൻ സമയം നാളെ പുലർച്ചെ 3.30ന് നടക്കുന്ന മത്സരത്തിൽ ബ്രസീൽ മൊറോക്കോയെ നേരിടും. എന്നാൽ ടീമിന്റെ പ്രധാന ആക്രമണതാരമായ നെയ്മറുടെ അഭാവം ആരാധകരെ നിരാശരാക്കിയിരിക്കുകയാണ്.
2023ന് ശേഷം ബ്രസീൽ ജഴ്സിയിൽ നെയ്മർ ഇതുവരെ കളത്തിലിറങ്ങിയിട്ടില്ല. മെയ് മാസത്തിൽ വലത് കാലിന് പരിക്കേറ്റതിനെ തുടർന്ന് താരം വിശ്രമത്തിലായിരുന്നു. നിലവിൽ ചികിത്സയും ഫിറ്റ്നസ് പരിശീലനവും തുടരുകയാണെന്നും അടുത്ത ആഴ്ച മുതൽ അദ്ദേഹം ടീമിനൊപ്പമുള്ള പരിശീലനത്തിലേക്ക് മടങ്ങിയെത്തുമെന്നും ആൻചലോട്ടി അറിയിച്ചു.
അഞ്ച് തവണ ലോകകപ്പ് കിരീടം നേടിയ ബ്രസീൽ, ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ പോരാട്ടത്തിൽ ശക്തരായ മൊറോക്കോയെ നേരിടും. നെയ്മറില്ലാതെ ഇറങ്ങുന്ന ബ്രസീലിന് ഇത് നിർണായക വെല്ലുവിളിയായിരിക്കും.
ജൂൺ 19ന് ഹെയ്തിക്കെതിരായ രണ്ടാം മത്സരത്തിൽ നെയ്മർ തിരിച്ചെത്താൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. ജൂൺ 24ന് സ്കോട്ട്‌ലൻഡിനെതിരെയാണ് ബ്രസീലിന്റെ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരം.


























































































































































































































































































































































































































