ഹോർമുസിൽ യു.എ.ഇ എണ്ണക്കപ്പലിന് നേരെ ഇറാൻ മിസൈൽ ആക്രമണം
അബുദാബി: പശ്ചിമേഷ്യയിലെ സംഘർഷം രൂക്ഷമാകുന്നതിനിടെ ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിച്ച യു.എ.ഇയുടെ എണ്ണക്കപ്പലിന് നേരെ ഇറാൻ മിസൈൽ ആക്രമണം നടത്തിയതായി സ്ഥിരീകരണം. സർക്കാർ ഉടമസ്ഥതയിലുള്ള അബുദാബി നാഷണൽ ഓയിൽ കമ്പനിയുടെ (ADNOC) ടാങ്കറാണ് ആക്രമിക്കപ്പെട്ടത്. ശനിയാഴ്ച പുലർച്ചെയുണ്ടായ ആക്രമണത്തിൽ കപ്പലിലുണ്ടായിരുന്ന ആർക്കും പരിക്കേറ്റിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.
യു.എ.ഇയുടെ സർക്കാർ ഉടമസ്ഥതയിലുള്ള എണ്ണക്കമ്പനിയായ ADNOC ആണ് ആക്രമണ വിവരം സ്ഥിരീകരിച്ചത്. ഹോർമുസ് കടലിടുക്കിലൂടെ യാത്ര ചെയ്യുന്നതിനിടെയാണ് ടാങ്കറിന് നേരെ മിസൈൽ പതിച്ചത്.
യുദ്ധം ആരംഭിച്ചതിന് ശേഷം ഹോർമുസ് മേഖലയിൽ തങ്ങളുടെ 15 എണ്ണക്കപ്പലുകൾ ആക്രമിക്കപ്പെട്ടതായി ADNOC നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിൽ മൂന്ന് ആക്രമണങ്ങൾ ഈ ആഴ്ച തന്നെ നടന്നതായും കമ്പനി അറിയിച്ചു.
ഫെബ്രുവരി 28ന് അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക സംഘർഷം ആരംഭിച്ചതിന് ശേഷമുള്ള കണക്കുകളാണിത്. ഇതുവരെ നടന്ന ആക്രമണങ്ങളിൽ ഒരു നാവികൻ കൊല്ലപ്പെടുകയും 20 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ADNOC വ്യക്തമാക്കി. നിരവധി കപ്പലുകൾക്ക് കേടുപാടുകളും സംഭവിച്ചിട്ടുണ്ട്.
ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും കപ്പലുകൾക്കും ജീവനക്കാർക്കും സുരക്ഷിതമായ യാത്ര ഉറപ്പാക്കണമെന്നും ADNOC ആവശ്യപ്പെട്ടു. ആഗോള ചരക്കുനീക്കത്തിന് നിർണായകമായ ഹോർമുസ് വഴിയുള്ള ഗതാഗതം തടസ്സപ്പെടാതിരിക്കേണ്ടത് അനിവാര്യമാണെന്നും കമ്പനി ചൂണ്ടിക്കാട്ടി.
അതേസമയം, ഹോർമുസ് കടലിടുക്ക് തുറന്നുനൽകുന്നതുമായി ബന്ധപ്പെട്ട് ഒമാനും ഇറാനും തമ്മിൽ ധാരണയിലെത്താനുള്ള നീക്കങ്ങൾ പുരോഗമിക്കുന്നതായാണ് സൂചന. ഇതോടെ അന്താരാഷ്ട്ര വിപണിയിൽ ഇന്ധനവിലയിൽ ഏകദേശം ഒരു ശതമാനം കുറവുണ്ടായതായും റിപ്പോർട്ടുകളുണ്ട്.

















































































































































































































































































































































































































































