കുട്ടികളുടെ മനസികാരോഗ്യത്തിന് പിന്തുണ നൽകാൻ സ്‌കൂളുകൾ മുന്നോട്ട്: മന്ത്രി ശിവൻകുട്ടി
തിരുവനന്തപുരം: വിദ്യാർത്ഥികൾക്ക് അവരുടെ ആശങ്കകളും ഭയങ്ങളും തുറന്ന് പറയാവുന്ന സൗഹൃദപരമായ അന്തരീക്ഷം വിദ്യാലയങ്ങളിലും വീടുകളിലുമുണ്ടാകണമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. അധ്യാപകരും രക്ഷിതാക്കളും കുട്ടികളോടൊപ്പം ചേർന്ന് ഈ സാഹചര്യങ്ങൾ സൃഷ്ടിക്കണമെന്നും അദ്ദേഹം പറഞ്ഞു.
“കൂടെയുണ്ട് കരുത്തേകാൻ” എന്ന പേരിൽ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വേണ്ടി പ്രത്യേക ബോധവൽക്കരണ പരിപാടി സംസ്ഥാനത്ത് നടപ്പിലാക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
പ്ലസ് വൺ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച വിദ്യാഭ്യാസമന്ത്രി, ചരിത്രത്തിൽ ആദ്യമായാണ് 3,15,986 വിദ്യാർത്ഥികൾ ഒന്നാം വർഷം ക്ലാസ്സിലേക്ക് എത്തുന്നതെന്ന് വ്യക്തമാക്കി. പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനായി പ്ലസ് വൺ, പ്ലസ് ടു പാഠപുസ്തകങ്ങൾ അടുത്ത അധ്യയന വർഷത്തിൽ തന്നെ പരിഷ്കരിക്കുമെന്നും മന്ത്രി പറഞ്ഞു.
ഇതുവരെ മൂന്നടവുമുള്ള അലോട്ട്മെന്റ് നടപടികൾ പൂർത്തിയായി, ഏകദേശം 3,40,000 വിദ്യാർത്ഥികൾക്ക് പ്രവേശനം ലഭിച്ചിട്ടുണ്ടെന്നും ബാക്കിയുള്ളവർക്ക് സപ്ലിമെന്ററി അലോട്ട്മെൻറ് നടപടികൾ ആരംഭിച്ചതായും മന്ത്രി കൂട്ടിച്ചേർത്തു.









































































































































































































































































































































