മാർച്ച്‌ 7, 2026
#Most Populer #Movies #Top News

ദിലീപിനെ തിരിച്ചെടുക്കുന്നതില്‍ സിനിമാ സംഘടനകള്‍ക്കുള്ളില്‍ തര്‍ക്കം; ഭാഗ്യലക്ഷ്മിയുടെ രാജിയും വിവാദവും തുടരുന്നു

Dileep Reinstatement Controversy in Film Associations

നടി ആക്രമിക്കപ്പെട്ട കേസില്‍ കോടതി കുറ്റവിമുക്തനാക്കിയ നടന്‍ ദിലീപിനെ സിനിമാ സംഘടനകള്‍ തിരിച്ചെടുക്കുന്നതിനെ ചുറ്റിപ്പറ്റി അഭിപ്രായ ഭിന്നത ശക്തമാകുന്നു. ഫെഫ്ക ഉള്‍പ്പടെയുള്ള സിനിമാ സംഘടനകളിലെ നേതാക്കള്‍ ദിലീപിനെ തിരിച്ചെടുക്കാനുള്ള സൂചനകള്‍ നല്‍കിയതോടെ സംഘടനകള്‍ക്കുള്ളില്‍ തന്നെ വലിയ ചര്‍ച്ചകളും വിമര്‍ശനങ്ങളും ഉയര്‍ന്നു.

സംഘടനയുടെ ഈ നീക്കത്തിനെതിരെ ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ച ചലച്ചിത്ര പ്രവര്‍ത്തക ഭാഗ്യലക്ഷ്മി ഇന്നലെ ഫെഫ്കയില്‍ നിന്ന് രാജിവെച്ചു. സംഘടന ദിലീപിനെ തിരിച്ചെടുക്കുന്നതില്‍ കാണിക്കുന്ന ‘അമിത ആവേശം’ തങ്ങളെ പുച്ഛിക്കാന്‍ തക്കതാണെന്നും, പ്രതിയെ സംരക്ഷിക്കുന്ന രീതിയാണ് സംഘടന സ്വീകരിക്കുന്നതെന്നുമായിരുന്നു ഭാഗ്യലക്ഷ്മിയുടെ കടുത്ത പ്രതികരണം.
പ്രതിയുടെ പണമാണവര്‍ക്ക് രക്ഷയായതെന്നും, ഇരയുടെയും പ്രതിയുടെയും പക്ഷത്ത് ഒരേസമയം നില്‍ക്കാന്‍ ഒരു സംഘടനയ്ക്കുമാകില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോയിലൂടെയാണ് രാജി പരസ്യമാക്കിയത്.

സിനിമാ രംഗത്ത് താരസംഘടനകളിലും നിര്‍മാതാക്കളുടെയും സംഘടനകളിലും വലിയ സ്വാധീനവുമായിരുന്ന ദിലീപ്, നടിയെ ആക്രമിച്ച കേസിലെ പ്രതിയെന്ന നിലയിലാണ് മുമ്പ് സംഘടനകളില്‍ നിന്ന് നീക്കം ചെയ്യപ്പെട്ടത്. ഇപ്പോഴത്തെ കോടതിവിധിക്ക് പിന്നാലെ ദിലീപിനെ തിരികെ ഉള്‍പ്പെടുത്താനുള്ള നീക്കത്തിലാണ് ഒരു വിഭാഗം നേതാക്കള്‍.

എന്നാല്‍ വിധിക്കെതിരെ പ്രോസിക്യൂഷന്‍ മേല്‍ക്കോടതിയെ സമീപിക്കാനിരിക്കെ ഈ തിടുക്ക് ശരിയായ സന്ദേശമല്ലെന്നും, ഇതില്‍ സംഘടനയുടെ വിശ്വാസ്യതക്ക് തിരിച്ചടിയുണ്ടാകുമെന്നും വിമര്‍ശനമുണ്ട്.

ദിലീപിന്റെ തിരിച്ചുവരവിനെ അനുകൂലിക്കുന്ന നേതാക്കള്‍ ‘കോടതിവിധി മാനിക്കണം’ എന്ന നിലപാട് സ്വീകരിച്ചിരിക്കുമ്പോള്‍, എതിര്‍പ്പ് അറിയിക്കുന്ന വിഭാഗം ‘നൈതികമായ നിലപാട് സംഘടനയ്ക്കു ആവശ്യമാണ്’ എന്നാണ് വാദിക്കുന്നത്.

സംഘടനകളിലെ ഈ വാദപ്രതിവാദങ്ങള്‍ തുടരുമോ, ദിലീപിനെ ഔദ്യോഗികമായി തിരിച്ചെടുക്കുമോ എന്നതാണ് ഇപ്പോഴത്തെ ചര്‍ച്ചാകേന്ദ്രം. സിനിമാ മേഖലയിലെ അന്തര്‍ക്കലഹം അടുത്ത ദിവസങ്ങളിലും ശക്തമാകുമെന്നതാണ് സൂചന.

Leave a comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു