സ്വർണവിലയിൽ വീണ്ടും കുതിപ്പ്; ഒറ്റദിവസം 1400 രൂപ വർധിച്ച് പുതിയ റെക്കോർഡ്
സംസ്ഥാനത്ത് സ്വർണവില വീണ്ടും കുത്തനെ ഉയർന്ന് സർവകാല റെക്കോർഡിൽ എത്തി. ഇന്ന് ഒരു ദിവസംകൊണ്ട് തന്നെ 1400 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ ഒരു പവൻ (8 ഗ്രാം) സ്വർണത്തിന്റെ വില 1,06,840 രൂപയായി. ഗ്രാമിന് 175 രൂപ ഉയർന്നതോടെ ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില 13,355 രൂപയാണ്.
ഈ മാസം 14ന് രേഖപ്പെടുത്തിയ 1,05,600 രൂപ എന്ന മുൻ റെക്കോർഡാണ് ഇന്നത്തെ വിലക്കയറ്റത്തോടെ തകർന്നത്. ഡിസംബർ 23നാണ് സംസ്ഥാനത്ത് സ്വർണവില ആദ്യമായി ഒരു ലക്ഷം രൂപ കടന്നത്. അതിന് ശേഷം വിലയിൽ തുടർച്ചയായ ഉയർച്ചയാണ് രേഖപ്പെടുത്തുന്നത്. ഇടയ്ക്ക് കുറച്ച് ദിവസങ്ങളായി സ്വർണവിലയിൽ ചെറിയ ഇടിവും സ്ഥിരതയും അനുഭവപ്പെട്ടെങ്കിലും, ഇന്നത്തെ അപ്രതീക്ഷിത കുതിപ്പ് വീണ്ടും വിപണിയെ ഞെട്ടിച്ചിരിക്കുകയാണ്.
അന്താരാഷ്ട്ര വിപണിയിലെ വിലക്കയറ്റം, ഡോളറിന്റെ മൂല്യത്തിലെ മാറ്റങ്ങൾ, ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങൾ, കേന്ദ്രബാങ്കുകളുടെ സ്വർണ സംഭരണ വർധന എന്നിവയാണ് സ്വർണവില ഉയരാൻ പ്രധാന കാരണങ്ങളായി വിലയിരുത്തപ്പെടുന്നത്. കൂടാതെ ഫെസ്റ്റിവൽ സീസണും വിവാഹ ആവശ്യകതയും അടുത്തിരിക്കുന്നതോടെ ആഭ്യന്തര വിപണിയിലെ ആവശ്യകത കൂടുന്നതും വിലയെ സ്വാധീനിക്കുന്നുണ്ട്.
നിക്ഷേപ മാർഗമായി സ്വർണം തെരഞ്ഞെടുക്കുന്നവരുടെ എണ്ണം വർധിച്ചതും വിലക്കയറ്റത്തിന് ഒരു കാരണമാണ്. എന്നാൽ, വില ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന സൂചനകളാണ് വിപണി വിദഗ്ധർ നൽകുന്നത്. അതേസമയം, സ്വർണം വാങ്ങാൻ ആലോചിക്കുന്നവർ വിലസ്ഥിരത വരുന്നതുവരെ കാത്തിരിക്കുന്നതാവും ഉചിതമെന്ന അഭിപ്രായവും ഉയരുന്നുണ്ട്.








































































































































































































































































































































