വാഹന ഉടമകൾക്ക് വലിയ ആശ്വാസം; ഫിറ്റ്‌നസ് പുതുക്കൽ ഫീസ് 50% കുറച്ച് കേരള സർക്കാർ
തിരുവനന്തപുരം: വാഹനങ്ങളുടെ ഫിറ്റ്‌നസ് പരിശോധനയും പുതുക്കലുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ അടുത്തിടെ കുത്തനെ വർധിപ്പിച്ച ഫീസിൽ നിന്ന് സംസ്ഥാനത്തെ വാഹന ഉടമകൾക്ക് വലിയ ആശ്വാസം. കേന്ദ്ര നിരക്കുകൾ 50 ശതമാനം കുറച്ചുകൊണ്ട് കേരള സർക്കാർ ഉത്തരവിറക്കി. ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാർ പ്രഖ്യാപിച്ച പുതിയ ഫീസ് നിരക്കുകൾ ഉടൻ പ്രാബല്യത്തിൽ വരുമെന്ന് സർക്കാർ അറിയിച്ചു.
2025ലെ കേന്ദ്ര മോട്ടോർ വാഹന നിയമഭേദഗതിയുടെ അടിസ്ഥാനത്തിൽ ഫിറ്റ്‌നസ് പുതുക്കൽ ഫീസ് വലിയ തോതിൽ വർധിപ്പിച്ചതിനെ തുടർന്ന് വ്യാപക പ്രതിഷേധങ്ങളും പരാതികളും ഉയർന്നിരുന്നു. ഇതിനെ തുടർന്നാണ് സംസ്ഥാന സർക്കാരിന് ലഭ്യമായ അധികാരം ഉപയോഗിച്ച് ഫീസ് കുറയ്ക്കാനുള്ള തീരുമാനം കൈക്കൊണ്ടത്. സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത എല്ലാ വാഹനങ്ങൾക്കും പുതിയ നിരക്കുകൾ ബാധകമായിരിക്കും.
വാഹനങ്ങളുടെ പഴക്കമനുസരിച്ച് ഫീസ് നിശ്ചയം
പുതിയ ഉത്തരവ് പ്രകാരം വാഹനങ്ങളുടെ പഴക്കം അടിസ്ഥാനമാക്കി ഫിറ്റ്‌നസ് പുതുക്കൽ ഫീസ് തരംതിരിച്ചാണ് ഈടാക്കുന്നത്.
മോട്ടോർസൈക്കിൾ, ഓട്ടോറിക്ഷ, ലൈറ്റ് മോട്ടോർ വാഹനങ്ങൾ (LMV):
-
15 വർഷം വരെ
-
15 മുതൽ 20 വർഷം വരെ
-
20 വർഷത്തിന് മുകളിൽ
എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായാണ് ഫീസ് നിശ്ചയിച്ചിരിക്കുന്നത്.
മീഡിയം, ഹെവി ഗുഡ്സ്, പാസഞ്ചർ വാഹനങ്ങൾ:
-
10 വർഷം വരെ
-
10 മുതൽ 13 വർഷം വരെ
-
13 മുതൽ 15 വർഷം വരെ
-
15 മുതൽ 20 വർഷം വരെ
-
20 വർഷത്തിന് മുകളിൽ
എന്നിങ്ങനെ അഞ്ച് കാറ്റഗറിയായി തിരിച്ച് ഫിറ്റ്‌നസ് പുതുക്കൽ ഫീസ് ഈടാക്കും.
എല്ലാ വിഭാഗം വാഹനങ്ങൾക്കും ബാധകം
മോട്ടോർബൈക്കുകൾ, ഓട്ടോറിക്ഷകൾ, ലൈറ്റ് മോട്ടോർ വാഹനങ്ങൾ, ഇടത്തരം ഹെവി ഗുഡ്സ് വാഹനങ്ങൾ, പാസഞ്ചർ വാഹനങ്ങൾ എന്നിവ ഉൾപ്പെടെ എല്ലാ വിഭാഗം വാഹനങ്ങൾക്കും പഴക്കത്തെ അടിസ്ഥാനപ്പെടുത്തി പുതുക്കിയ നിരക്കുകളാണ് പ്രാബല്യത്തിൽ വരുന്നത്. ഇതോടെ വാണിജ്യ വാഹന ഉടമകൾക്കും സ്വകാര്യ വാഹന ഉടമകൾക്കും വലിയ സാമ്പത്തിക ആശ്വാസമുണ്ടാകുമെന്നാണ് വിലയിരുത്തൽ.
കേന്ദ്ര സർക്കാർ നിശ്ചയിച്ച നിരക്കുകൾ സംസ്ഥാനങ്ങൾക്ക് പുനഃപരിശോധിക്കാനുള്ള അധികാരം ഉള്ളതിനാലാണ് കേരള സർക്കാർ ഈ തീരുമാനം കൈക്കൊണ്ടതെന്ന് മന്ത്രി കെ.ബി. ഗണേഷ് കുമാർ വ്യക്തമാക്കി. വാഹന മേഖലയിലെ ബാധ്യതകൾ കുറയ്ക്കാനും പൊതുജനങ്ങളുടെ ബുദ്ധിമുട്ട് ഒഴിവാക്കാനുമാണ് നടപടി എന്നും മന്ത്രി പറഞ്ഞു.








































































































































































































































































































































