മെയ്‌ 21, 2026
#latest news #News #Trending News

പൂക്കി സിഎം ട്രെൻഡിൽ മുഖ്യമന്ത്രി വി ഡി സതീശൻ; വൈറലായി യുവാവിന്റെ ചോദ്യവും മറുപടിയും

Poki kerala CM Viral

തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശന്റെ ഒരു വാർത്താസമ്മേളന ദൃശ്യം സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയാകുന്നു. സത്യപ്രതിജ്ഞയ്ക്ക് മുൻപ് നടത്തിയ വാർത്താസമ്മേളനത്തിനിടെയാണ് വാഹന മോഡിഫിക്കേഷനെ കുറിച്ചുള്ള ഒരു യുവാവിന്റെ ചോദ്യം മുഖ്യമന്ത്രിയുടെ ശ്രദ്ധ നേടിയത്. ചോദ്യത്തിന് മുമ്പ് വി ഡി സതീശൻ നൽകിയ പ്രത്യേക മുഖഭാവവും ചിരിയുമാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. “പൂക്കി സിഎം” എന്ന പേരിലാണ് നിരവധി യുവാക്കൾ മുഖ്യമന്ത്രിയെ സോഷ്യൽ മീഡിയയിൽ വിശേഷിപ്പിക്കുന്നത്.

മലപ്പുറം സ്വദേശിയും യൂട്യൂബറുമായ ഫിജിൻ എന്ന യുവാവാണ് വാഹന മോഡിഫിക്കേഷൻ സംബന്ധിച്ച ചോദ്യം ഉന്നയിച്ചത്. വാഹന പ്രേമികളുടെ സ്വപ്നമായ മോഡിഫിക്കേഷൻ നിയമപരമായി സാധ്യമാകുമോ എന്നായിരുന്നു ചോദ്യം. ഇതിന് മറുപടി പറയുന്നതിന് മുൻപ് മുഖ്യമന്ത്രി നൽകിയ രസകരമായ പ്രതികരണമാണ് വീഡിയോ വൈറലാകാൻ കാരണമായത്. ചൂണ്ടുകടിച്ച് കണ്ണുകൾ പാതിയടച്ച് ചിരിയോടെ നൽകിയ പ്രതികരണം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു.

വീഡിയോയ്ക്ക് ലക്ഷക്കണക്കിന് ആളുകളാണ് ഇതിനോടകം പ്രതികരിച്ചത്. നിരവധി റീലുകളും ട്രോളുകളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. യുവാക്കൾക്കിടയിൽ മുഖ്യമന്ത്രിയുടെ ഈ പ്രതികരണം വലിയ സ്വീകാര്യത നേടിയിട്ടുണ്ട്. അനിരുദ്ധിന്റെ സംഗീതം ചേർത്ത് പുറത്തിറക്കിയ വീഡിയോ റീൽ വളരെ വേഗത്തിലാണ് വൈറലായത്. ലക്ഷക്കണക്കിന് കാഴ്ചക്കാരും ലൈക്കുകളും വീഡിയോയ്ക്ക് ലഭിച്ചു.

സംഭവത്തെ കുറിച്ച് പ്രതികരിച്ച മുഖ്യമന്ത്രി വി ഡി സതീശൻ, യുവാവിനെ കണ്ടപ്പോൾ വാത്സല്യം തോന്നിയാണ് ആ മുഖഭാവം നൽകിയതെന്ന് പറഞ്ഞു. “പേടിക്കണ്ട, എല്ലാം ശരിയാകും” എന്ന രീതിയിലായിരുന്നു തന്റെ പ്രതികരണമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇത് ഇത്രയും വൈറലാകുമെന്ന് കരുതിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, വീഡിയോ വൈറലായതോടെ ഫിജിനും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയനായി. വാഹനങ്ങളോടുള്ള താൽപര്യമാണ് അത്തരമൊരു ചോദ്യം ചോദിക്കാൻ കാരണമായതെന്ന് ഫിജിൻ പ്രതികരിച്ചു. യുവാക്കളുടെ ഇടയിൽ ഈ വീഡിയോ ഇപ്പോഴും ട്രെൻഡിംഗായി തുടരുകയാണ്.

Leave a comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു