ജൂൺ 12, 2026
#latest news #News

കേരളത്തിൽ മഴ ശക്തമാകും; എറണാകുളത്തും തൃശൂരിലും ഓറഞ്ച് അലർട്ട്

Kerala Weather Alert

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിലും ശക്തമായ മഴ തുടരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മഴയുടെ തീവ്രത കണക്കിലെടുത്ത് വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.

ഇന്ന് എറണാകുളം, തൃശൂർ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം തിരുവനന്തപുരം, കോട്ടയം, ഇടുക്കി, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ടും നിലവിലുണ്ട്. ഈ ജില്ലകളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയും ഇടിമിന്നലോടുകൂടിയ കാലാവസ്ഥയും അനുഭവപ്പെടാൻ സാധ്യതയുണ്ട്.

24 മണിക്കൂറിനിടെ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാനിടയുള്ള സാഹചര്യത്തെയാണ് ശക്തമായ മഴയായി കാലാവസ്ഥ വകുപ്പ് വിശേഷിപ്പിക്കുന്നത്.

നാളെയും സംസ്ഥാനത്ത് മഴ തുടരുമെന്നാണ് പ്രവചനം. എറണാകുളം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളിൽ അതിശക്തമായ മഴ ലഭിക്കാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.

ഇതിനിടെ അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. മറ്റ് ജില്ലകളിലും ഒറ്റപ്പെട്ട മഴ ലഭിച്ചേക്കും.

മലയോര മേഖലകളിലും വെള്ളക്കെട്ട് സാധ്യതയുള്ള പ്രദേശങ്ങളിലുമുള്ളവർ അധികൃതരുടെ നിർദേശങ്ങൾ പാലിക്കണമെന്നും അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.

Leave a comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു