ഹോർമുസ് കടലിടുക്കിൽ ചരക്കുകപ്പലിന് തീപിടിത്തം; ആക്രമണത്തിൽ സംഘർഷം വീണ്ടും രൂക്ഷം
തെഹ്റാൻ/മസ്കത്ത്: ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിച്ചിരുന്ന ഒരു ചരക്കുകപ്പലിന് ആക്രമണത്തെ തുടർന്ന് തീപിടിത്തമുണ്ടായതായി റിപ്പോർട്ട്. ഗ്രീക്ക് ഷിപ്പിംഗ് കമ്പനിയായ ഡൈനാകോം നിയന്ത്രിക്കുന്ന കപ്പലാണ് അപകടത്തിൽപ്പെട്ടത്. ഒമാന്റെ വടക്കുപടിഞ്ഞാറൻ സമുദ്രമേഖലയിലാണ് സംഭവം നടന്നതെന്ന് യുകെ മാരിടൈം ട്രേഡ് ഓപ്പറേഷൻസ് (UKMTO) അറിയിച്ചു.
ആക്രമണത്തെ തുടർന്ന് കപ്പലിൽ തീപിടിച്ചെങ്കിലും ജീവനക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ചതായാണ് ലഭിക്കുന്ന വിവരം. തീ പൂർണമായി നിയന്ത്രണവിധേയമാക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. കപ്പൽ ഇപ്പോൾ കടലിൽ ഒഴുകിക്കൊണ്ടിരിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ.
ഇതിനിടെ, ഹോർമുസ് കടലിടുക്കിൽ രണ്ട് കപ്പലുകൾ ലക്ഷ്യമിട്ട് ആക്രമണം നടത്തിയതായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് അവകാശപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ, തീപിടിത്തമുണ്ടായ കപ്പലിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നിൽ ആരാണെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
അതേസമയം, ഇറാനിലെ തബ്രിസ് നഗരത്തിന് സമീപമുള്ള ഒരു സൈനിക കേന്ദ്രത്തിൽ അമേരിക്ക നടത്തിയതായി റിപ്പോർട്ട് ചെയ്യുന്ന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഈ സംഭവത്തോടെ പശ്ചിമേഷ്യയിലെ സുരക്ഷാ സാഹചര്യം കൂടുതൽ സങ്കീർണമാകുമെന്ന ആശങ്ക ശക്തമായിരിക്കുകയാണ്.














































































































































































































































































































































































































































