ജന്തർ മന്തർ പ്രതിഷേധത്തിനിടെ ഡൽഹിയിൽ രാഷ്ട്രീയ ചലനം; രാഹുൽ ഗാന്ധിയുടെ വസതിയിൽ എംപിമാരുടെ നിർണായക യോഗം
ജന്തർ മന്തറിൽ വിദ്യാർഥി പ്രതിഷേധം തുടരുന്നതിനിടെ ഡൽഹിയിൽ രാഷ്ട്രീയ നീക്കങ്ങൾ സജീവമായി. പ്രതിഷേധവുമായി ബന്ധപ്പെട്ട സാഹചര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി രാഹുൽ ഗാന്ധിയുടെ വസതിയിൽ എംപിമാരുടെ നിർണായക യോഗം ചേർന്നു.
ഡൽഹിയിലെ സുനേരി ബാഗിലുള്ള രാഹുൽ ഗാന്ധിയുടെ വസതിയിലാണ് യോഗം നടന്നത്. കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയും യോഗത്തിൽ പങ്കെടുക്കാനായി വസതിയിലെത്തി. വിവിധ പ്രതിപക്ഷ പാർട്ടികളിൽ നിന്നുള്ള എംപിമാരും യോഗത്തിൽ പങ്കെടുത്തു.
ജോൺ ബ്രിട്ടാസ് എംപി, എ. എ. റഹീം എംപി, സന്തോഷ് കുമാർ എംപി എന്നിവരും യോഗത്തിൽ പങ്കെടുക്കാനെത്തി. യോഗത്തിൽ പങ്കെടുക്കുന്ന എംപിമാർക്ക് ഏതാനും മണിക്കൂറുകൾ മുമ്പാണ് അറിയിപ്പ് നൽകിയതെന്നാണ് റിപ്പോർട്ടുകൾ.
സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി രാഹുൽ ഗാന്ധിയുടെ വസതിക്ക് സമീപമുള്ള റോഡുകളിൽ പൊലീസ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ബാരിക്കേഡുകൾ സ്ഥാപിച്ചതിനൊപ്പം സുരക്ഷ ശക്തിപ്പെടുത്തുകയും അധിക പൊലീസ് സേനയെ പ്രദേശത്ത് വിന്യസിക്കുകയും ചെയ്തു. ആവശ്യമായ സാഹചര്യങ്ങളിൽ എംപിമാരെ കൊണ്ടുപോകാൻ ബസുകളും സജ്ജമാക്കിയിരുന്നു.
ഇതിനിടെ, കോക്രോച്ച് ജനതാ പാർട്ടി (CJP) രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്തു. വിവിധ സംസ്ഥാനങ്ങളിൽ പ്രതിഷേധത്തിനിടെ പൊലീസ് നടപടിയിൽ പരിക്കേറ്റവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് സമരത്തിന് ആഹ്വാനം നൽകിയിരിക്കുന്നത്.
പ്രതിഷേധം സമാധാനപരമായി സംഘടിപ്പിക്കണമെന്നും വിദ്യാർഥി സംഘടനകളും മറ്റ് ജനാധിപത്യ സംഘടനകളും പരസ്പരം സഹകരിച്ച് പ്രതിഷേധ പരിപാടികൾ ഏകോപിപ്പിക്കണമെന്നും സംഘടന സമൂഹമാധ്യമത്തിലൂടെ അറിയിച്ചു.
അതേസമയം, ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ഏതാനും മണിക്കൂറുകൾ ജന്തർ മന്തറിലെ സമരവേദിയിൽ നിന്ന് വിട്ടുനിൽക്കുകയാണെന്ന് സി.ജെ.പി. സ്ഥാപകൻ അഭിജീത് ദിപ്കെ അറിയിച്ചിട്ടുണ്ട്. പ്രതിഷേധവുമായി ബന്ധപ്പെട്ട തുടർനീക്കങ്ങൾ അടുത്ത ദിവസങ്ങളിൽ കൂടുതൽ ശക്തമാകുമെന്നാണ് വിലയിരുത്തൽ.















































































































































































































































































































































































































































