ജൂൺ 12, 2026
#latest news #News

FIFA World Cup 2026: സീ5 സബ്സ്ക്രിപ്ഷൻ മാറ്റത്തിൽ ആരാധകർ നിരാശയിൽ; ഡിവൈസ് പരിധി വെട്ടിക്കുറച്ചു

FIFA World Cup 2026

മുംബൈ: ഫിഫ ലോകകപ്പ് 2026ന് ഇന്ന് തുടക്കമാകാനിരിക്കെ, മത്സരങ്ങളുടെ ഡിജിറ്റൽ സംപ്രേഷണാവകാശം കൈവശമുള്ള സീ5 പ്ലാറ്റ്‌ഫോം സബ്സ്ക്രിപ്ഷൻ നിബന്ധനകളിൽ വരുത്തിയ അവസാന നിമിഷ മാറ്റം ഫുട്ബോൾ ആരാധകരിൽ പ്രതിഷേധത്തിന് ഇടയാക്കി.

മുൻപ് പ്രഖ്യാപിച്ചിരുന്ന 799 രൂപയുടെ മൂന്ന് മാസത്തെ വേൾഡ് കപ്പ് പ്ലാനിൽ ഒരേസമയം മൂന്ന് ഉപകരണങ്ങളിൽ മത്സരം കാണാനായിരുന്ന സൗകര്യം ഇപ്പോൾ ഒരു ഡിവൈസിലേക്ക് മാത്രമായി പരിമിതപ്പെടുത്തി. അതേസമയം, 1699 രൂപയുടെ വാർഷിക പ്രീമിയം പ്ലാനിൽ നാല് ഉപകരണങ്ങളിലുണ്ടായിരുന്ന ആക്‌സസ് രണ്ടായി കുറച്ചതും ഉപയോക്താക്കളെ നിരാശരാക്കി.

ലോകകപ്പ് ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് വന്ന ഈ മാറ്റം ആരാധകർക്ക് അധിക സാമ്പത്തിക ഭാരം സൃഷ്ടിക്കുമെന്ന വിലയിരുത്തലാണ് ഉയരുന്നത്. ഇന്ത്യയിലെ ഫുട്ബോൾ ആരാധകർക്ക് ലോകകപ്പ് സംപ്രേഷണം ഉറപ്പാക്കാനായി സീ നെറ്റ്‌വർക്ക് ഫിഫയുമായി ദീർഘകാല കരാർ ഒപ്പുവെച്ചിരുന്നു. ഇതിന്റെ ഭാഗമായി 2034 വരെ വിവിധ ഫിഫ ടൂർണമെന്റുകളുടെ സംപ്രേഷണാവകാശവും കമ്പനി സ്വന്തമാക്കിയിട്ടുണ്ട്.

ലോകകപ്പിനായി Unite8 Sports 1, Unite8 Sports 1 HD, Unite8 Sports 2, Unite8 Sports 2 HD എന്നീ പുതിയ സ്പോർട്സ് ചാനലുകളും സീ അവതരിപ്പിച്ചിട്ടുണ്ട്. ഡിജിറ്റൽ സ്ട്രീമിംഗിന് സീ5 തന്നെയാണ് ഔദ്യോഗിക പ്ലാറ്റ്‌ഫോം.

ഇതിനിടെ, സീ5 സബ്സ്ക്രിപ്ഷൻ ഇല്ലാത്ത ആരാധകർക്ക് ആശ്വാസവാർത്തയുമായി ദൂരദർശൻ രംഗത്തെത്തി. ഉദ്ഘാടന മത്സരം ഉൾപ്പെടെ ക്വാർട്ടർ ഫൈനൽ മുതൽ ഫൈനൽ വരെ തിരഞ്ഞെടുക്കപ്പെട്ട നോക്കൗട്ട് മത്സരങ്ങൾ ഡിഡി സ്പോർട്സ് ചാനലിലൂടെ സൗജന്യമായി സംപ്രേഷണം ചെയ്യുമെന്ന് അധികൃതർ അറിയിച്ചു.

Leave a comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു