സിജെപിയുമായി ചർച്ചയെന്ന വാർത്ത തള്ളി കേന്ദ്രം; ഡൽഹിയിൽ പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചു
ന്യൂഡൽഹി: സിജെപി (കോക്രോച്ച് ജനതാ പാർട്ടി) നേതാക്കളുമായി കേന്ദ്ര സർക്കാർ ചർച്ച നടത്തിയെന്ന റിപ്പോർട്ടുകൾ കേന്ദ്രം നിഷേധിച്ചു. കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നദ്ദ സിജെപി പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തുമെന്ന തരത്തിൽ പ്രചരിച്ച വാർത്തകൾക്ക് അടിസ്ഥാനമില്ലെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
ഇതിനിടെ ഡൽഹിയിൽ സിജെപി സംഘടിപ്പിച്ച പ്രതിഷേധം സംഘർഷത്തിലേക്ക് വഴിമാറി. പാർലമെന്റ് പരിസരത്തും യൂത്ത് കോൺഗ്രസ് ഓഫീസിന് സമീപവും പ്രതിഷേധക്കാർ തടിച്ചുകൂടിയതോടെ പോലീസ് ലാത്തിച്ചാർജും കണ്ണീർവാതക പ്രയോഗവും നടത്തി. പ്രദേശത്ത് നിന്ന് പ്രതിഷേധക്കാരെ ബലമായി നീക്കുകയും നിരവധി പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
പ്രതിഷേധത്തിനിടെ ചിലർ പോലീസിന് നേരെ കുപ്പികൾ എറിഞ്ഞതായും തുടർന്ന് സുരക്ഷാസേന സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയതായും റിപ്പോർട്ടുണ്ട്.
സോനം വാങ്ചുക്കിന്റെ മോചനം, കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കുക, കൂടാതെ നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് ആത്മഹത്യ ചെയ്ത വിദ്യാർഥികളുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം അനുവദിക്കുക എന്നീ ആവശ്യങ്ങളാണ് പ്രതിഷേധക്കാർ മുന്നോട്ടുവെച്ചത്.
ഈ ആവശ്യങ്ങളിൽ തീരുമാനം എടുക്കാൻ കേന്ദ്രം കൂടുതൽ സമയം തേടിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. അതേസമയം, റെയിൽ ഭവന് സമീപത്തും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.














































































































































































































































































































































































































































