ജൂൺ 13, 2026
#latest news #News

അസമിൽ വ്യോമസേനാ വിമാനം തകർന്നു; അഞ്ച് ഉദ്യോഗസ്ഥർ വീരമൃത്യു

Military Aircraft accident

അസമിലെ ജോർഹട്ടിൽ ഇന്ത്യൻ വ്യോമസേനയുടെ എഎൻ-32 ട്രാൻസ്പോർട്ട് വിമാനത്തിന് അപകടം സംഭവിച്ച് അഞ്ച് വ്യോമസേനാ ഉദ്യോഗസ്ഥർ വീരമൃത്യു വരിച്ചു. ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ട വിമാനം റൺവേയ്ക്ക് സമീപമുള്ള തുറസായ സ്ഥലത്തേക്ക് തകർന്നുവീണ് തീപിടിക്കുകയായിരുന്നു.

വിമാനത്തിലുണ്ടായിരുന്ന ആറുപേരിൽ സഹപൈലറ്റിന് അപകടത്തിൽ നിന്ന് രക്ഷപ്പെടാനായതായി അധികൃതർ അറിയിച്ചു. അപകടത്തിന്റെ കൃത്യമായ കാരണം ഇതുവരെ വ്യക്തമല്ല. സംഭവത്തെ തുടർന്ന് ഇന്ത്യൻ വ്യോമസേന വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

ജോർഹട്ട് വ്യോമസേനാ താവളത്തിൽ ഇറങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. വടക്കുകിഴക്കൻ മേഖലയിലെ പ്രധാന സൈനിക താവളങ്ങളിലൊന്നിന് സമീപം നടന്ന അപകടം രാജ്യത്തെ പ്രതിരോധ മേഖലയിൽ വലിയ ആശങ്കയ്ക്കിടയാക്കിയിരിക്കുകയാണ്.

ഏകദേശം 45 പേർക്ക് യാത്ര ചെയ്യാൻ ശേഷിയുള്ള എഎൻ-32 വിമാനത്തിൽ അന്ന് ആറ് ഉദ്യോഗസ്ഥരാണ് ഉണ്ടായിരുന്നത്. ഇന്ത്യൻ വ്യോമസേനയുടെ പ്രധാന ചരക്ക്-ഗതാഗത വിമാനങ്ങളിലൊന്നായ എഎൻ-32, രാജ്യത്തെ വിവിധ സൈനിക ദൗത്യങ്ങൾക്കും ലോജിസ്റ്റിക് പ്രവർത്തനങ്ങൾക്കും വ്യാപകമായി ഉപയോഗിച്ചുവരുന്ന വിമാനമാണ്.

കഴിഞ്ഞ വർഷവും എഎൻ-32 വിമാനവുമായി ബന്ധപ്പെട്ട അപകടം റിപ്പോർട്ട് ചെയ്തിരുന്നു. അസമിൽ തന്നെ ഏതാനും മാസങ്ങൾക്ക് മുൻപ് സുഖോയ്-30 എംകിഐ യുദ്ധവിമാനം പരിശീലന പറക്കലിനിടെ തകർന്ന സംഭവവും നടന്നിരുന്നു.

Leave a comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു