ഓഗസ്റ്റ്‌ 9, 2026
#latest news #News #Top News

കേരളത്തിൽ മഴ മുന്നറിയിപ്പ് ശക്തം; തിരുവനന്തപുരം, ഇടുക്കിയിൽ ഓറഞ്ച് അലർട്ട്

Kerala weather

തിരുവനന്തപുരം: സംസ്ഥാനത്ത് മഴയും കാറ്റും ശക്തമാകുന്ന സാഹചര്യത്തിൽ അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളിൽ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

മറ്റ് ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാധ്യതയുണ്ട്.

ഇടുക്കിയിലെ മലയോര മേഖലകളിൽ മഴ ശക്തമായി തുടരുകയാണ്. കല്ലാർകുട്ടിയിൽ മണ്ണിടിഞ്ഞ് റോഡിലേക്ക് വീണതിനെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു. അടിമാലി ടൗണിലും മഴയെ തുടർന്ന് വ്യാപക വെള്ളക്കെട്ട് രൂപപ്പെട്ടു. ലൈബ്രറി റോഡിന്റെ വിവിധ ഭാഗങ്ങളിൽ വെള്ളം കയറിയിട്ടുണ്ട്.

ദേശീയപാതയിലും മണ്ണിടിച്ചിലുണ്ടായി. ലക്ഷംവീട് നഗറിന് സമീപമാണ് മണ്ണ് റോഡിലേക്ക് വീണത്. മൂന്നാർ മേഖലയിലും കനത്ത മഴ തുടരുകയാണ്.

അതേസമയം, തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും വടക്കൻ ഒഡിഷയ്ക്കും മുകളിലായി രൂപപ്പെട്ട ചക്രവാതച്ചുഴി ന്യൂനമർദമായി ശക്തിപ്പെട്ടിട്ടുണ്ട്. ഇതിന്റെ സ്വാധീനത്തിൽ സംസ്ഥാനത്ത് നാളെയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

Leave a comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു