ദേശീയപാതയിൽ സ്ലീപ്പർ ബസിന് തീപിടിത്തം; 36 യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു
കർണാടക: ദേശീയപാതയിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ സ്ലീപ്പർ ബസിന് തീപിടിച്ച് അപകടം. കർണാടകയിലെ ഹാസൻ ജില്ലയിൽ ശാന്തിഗ്രാം ഭാഗത്താണ് സംഭവം നടന്നത്. മംഗളൂരുവിൽ നിന്ന് ബെംഗളൂരുവിലേക്ക് പോയിരുന്ന ‘ഭാരത്’ സ്വകാര്യ ബസാണ് തീപിടുത്തത്തിൽ പൂർണമായും കത്തി നശിച്ചത്.
ബസിൽ 36 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ടയറിന് തീപിടിച്ചതായി ഡ്രൈവറുടെ ശ്രദ്ധയിൽപ്പെട്ടതോടെ അദ്ദേഹം ഉടൻ ബസ് റോഡരികിലേക്ക് മാറ്റി നിർത്തി യാത്രക്കാരെ പുറത്തിറക്കുകയായിരുന്നു. ഇതോടെ വലിയ ദുരന്തമാണ് ഒഴിവായത്.
യാത്രക്കാരെ സുരക്ഷിതമായി പുറത്തേക്ക് മാറ്റിയതിന് പിന്നാലെ തീ ബസിന്റെ മറ്റു ഭാഗങ്ങളിലേക്കും പടർന്നു. ഏതാനും മിനിറ്റുകൾക്കുള്ളിൽ ബസ് പൂർണമായും കത്തിനശിക്കുകയായിരുന്നു. അഗ്നിശമന സേന സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി.
അപകടത്തിൽ ആര്‍ക്കും പരിക്കില്ലെന്നാണ് പ്രാഥമിക വിവരം. തീപിടിത്തത്തിന്റെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. പൊലീസ്, മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.























































































































































































































































































































































































