യുഎസ് അംബാസഡറുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ കൂടിക്കാഴ്ച നടത്തി
കൊച്ചി: ഇന്ത്യയിലെ യുഎസ് അംബാസഡർ സെർജിയോ ഗോറുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ കൂടിക്കാഴ്ച നടത്തി. കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ നടന്ന കൂടിക്കാഴ്ചയിൽ ചീഫ് സെക്രട്ടറിയും സംസ്ഥാന സർക്കാരിലെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു. കേരളവും അമേരിക്കയും തമ്മിലുള്ള പരസ്പര താൽപര്യമുള്ള മേഖലകളിലെ സഹകരണം കൂടുതൽ ശക്തമാക്കുന്നത് സംബന്ധിച്ചായിരുന്നു പ്രധാന ചർച്ചകൾ.
ഉന്നത വിദ്യാഭ്യാസം, വിനോദസഞ്ചാരം, സംസ്കാരം, നിക്ഷേപം, സമുദ്ര വികസനം തുടങ്ങിയ മേഖലകളിൽ സഹകരണം വർധിപ്പിക്കുന്നതിനുള്ള സാധ്യതകൾ കൂടിക്കാഴ്ചയിൽ വിലയിരുത്തി. കേരളത്തിലെയും അമേരിക്കയിലെയും നഗരങ്ങൾ തമ്മിൽ ‘സിസ്റ്റർ സിറ്റി’ പങ്കാളിത്തം രൂപീകരിക്കുന്നതിനെക്കുറിച്ചും ചർച്ച നടന്നു.
വിഴിഞ്ഞം, കൊച്ചി തുറമുഖങ്ങളെ കേന്ദ്രീകരിച്ചുള്ള സമുദ്ര ലോജിസ്റ്റിക്സ് രംഗത്തെ നിക്ഷേപ സാധ്യതകൾക്കും കൂടിക്കാഴ്ചയിൽ പ്രാധാന്യം നൽകി. കപ്പൽ നിർമാണം, കപ്പൽ അറ്റകുറ്റപ്പണി, ഗ്രീൻ ബങ്കറിങ് തുടങ്ങിയ മേഖലകളിൽ കൂടുതൽ നിക്ഷേപം ആകർഷിക്കുന്നതിനെക്കുറിച്ചും ചർച്ചയുണ്ടായി. വ്യവസായ വകുപ്പ് മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടിയും മുഖ്യമന്ത്രിക്കൊപ്പം കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
അതേസമയം, യുഎസ് അംബാസഡറുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയ അതേ ഹോട്ടലിൽ മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മരുമകൻ മൈക്കൽ ബൂലോസും ഉണ്ടായിരുന്നതായി റിപ്പോർട്ടുകളുണ്ട്. എന്നാൽ മുഖ്യമന്ത്രി മൈക്കൽ ബൂലോസുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ടോ എന്ന കാര്യത്തിൽ വ്യക്തതയില്ല.
മൈക്കൽ ബൂലോസ് സ്വകാര്യ സന്ദർശനത്തിനായി ആലപ്പുഴയിലെത്തിയതായാണ് വിവരം.

















































































































































































































































































































































































































































