ഹാർദിക് പാണ്ഡ്യയെ ലക്ഷ്യമിട്ട് കെകെആർ; നായകസ്ഥാന വാഗ്ദാനവുമായി കൊൽക്കത്ത?
ഐപിഎൽ 2027 സീസണിന് മുന്നോടിയായി മറ്റൊരു വമ്പൻ താര കൈമാറ്റത്തിന് സാധ്യതയെന്ന റിപ്പോർട്ടുകൾ ക്രിക്കറ്റ് ലോകത്ത് ചർച്ചയാകുന്നു. മുംബൈ ഇന്ത്യൻസ് നായകനായ ഹാർദിക് പാണ്ഡ്യയെ ടീമിലെത്തിക്കാൻ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് (KKR) ശ്രമങ്ങൾ ആരംഭിച്ചുവെന്നാണ് പുറത്തുവരുന്ന വിവരം.
റിപ്പോർട്ടുകൾ പ്രകാരം, ഹാർദിക്കിനെ ടീമിലെത്തിക്കാൻ കെകെആർ മാനേജ്‌മെന്റ് മുംബൈ ഇന്ത്യൻസ് അധികൃതരുമായി പ്രാഥമിക ചർച്ചകൾ നടത്തിയിട്ടുണ്ട്. ഹാർദിക് ടീമിലെത്തുകയാണെങ്കിൽ നായകസ്ഥാനം നൽകാനും കൊൽക്കത്ത തയ്യാറാണെന്നാണ് സൂചന.
കഴിഞ്ഞ ഐപിഎൽ സീസണിൽ മുംബൈ ഇന്ത്യൻസ് പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാൻ സാധിച്ചിരുന്നില്ല. ടീമിന്റെ മോശം ഫലങ്ങൾക്കും പിന്നാലെ ഹാർദിക്കിന്റെ ഭാവിയെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ ശക്തമായിരുന്നു. താരത്തിന്റെ ചില സോഷ്യൽ മീഡിയ ഇടപെടലുകളും ഇത്തരത്തിലുള്ള ചർച്ചകൾക്ക് വഴിവെച്ചിരുന്നു.
അതേസമയം, കെകെആർ കഴിഞ്ഞ സീസണിൽ അജിങ്ക്യ രഹാനെയെ നായകനാക്കിയെങ്കിലും ടീമിന് വലിയ നേട്ടങ്ങൾ കൈവരിക്കാനായില്ല. യുവതാരം റിങ്കു സിങ്ങിനെ ഭാവി നായകനായി പരിഗണിക്കുന്നുണ്ടെങ്കിലും, കിരീടലക്ഷ്യത്തോടെ പരിചയസമ്പന്നനായ ഒരു ക്യാപ്റ്റനെ ടീമിലെത്തിക്കണമെന്നാണ് ഫ്രാഞ്ചൈസിയുടെ വിലയിരുത്തൽ.
ഹാർദിക് പാണ്ഡ്യയുടെ കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. എന്നിരുന്നാലും, ട്രേഡ് ചർച്ചകൾ സജീവമാണെന്ന റിപ്പോർട്ടുകൾ ഐപിഎൽ ആരാധകരിൽ വലിയ കൗതുകം സൃഷ്ടിച്ചിരിക്കുകയാണ്.



































































































































































































































































































































































































































