ഏപ്രിൽ 23, 2026
#latest news #Movies #Top News

ബോക്സ് ഓഫീസിൽ കൊടുങ്കാറ്റായി ‘വാഴ 2’; നാല് ദിവസത്തിൽ 59.9 കോടി ആഗോള നേട്ടം

Vaazha 2

കൊച്ചി: നവാഗത സംവിധായകൻ സവിൻ എസ്.എയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ‘വാഴ II – ബയോപിക് ഓഫ് ബില്യൺ ബ്രോസ്’ ബോക്സ് ഓഫീസിൽ വമ്പൻ വിജയമായി മുന്നേറുന്നു. റിലീസായി വെറും നാല് ദിവസങ്ങൾക്കുള്ളിൽ തന്നെ ചിത്രം 59.9 കോടി രൂപയുടെ ആഗോള കളക്ഷൻ സ്വന്തമാക്കിയെന്നാണ് റിപ്പോർട്ടുകൾ. മലയാള സിനിമയിൽ നവാഗത താരങ്ങളും സംവിധായകനും ചേർന്ന ഒരു ചിത്രത്തിന് ഇത്ര വേഗത്തിൽ 50 കോടി ക്ലബ്ബിൽ പ്രവേശിക്കാനായത് അപൂർവ നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്.

ഹിറ്റ് സംവിധായകൻ വിപിൻ ദാസിന്റെ തിരക്കഥയിൽ ഒരുങ്ങിയ ചിത്രം, പുതുമുഖ താരങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകിയതാണ് പ്രത്യേകത. ഹാഷിർ, അലൻ ബിൻ സിറാജ്, അജിൻ ജോയ്, വിനായക്, അമീൻ എന്നിവരോടൊപ്പം സുധീഷ്, വിജയ് ബാബു, അജു വർഗീസ്, അൽഫോൻസ് പുത്രൻ തുടങ്ങിയ പ്രമുഖരും ചിത്രത്തിൽ നിർണായക വേഷങ്ങളിൽ എത്തുന്നു.

ചിത്രം തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടുന്നതിനൊപ്പം ഓൺലൈൻ ടിക്കറ്റ് ബുക്കിംഗിലും റെക്കോർഡ് മുന്നേറ്റമാണ് നേടുന്നത്. സാധാരണ സൂപ്പർതാര ചിത്രങ്ങൾക്ക് ലഭിക്കുന്ന ബുക്കിംഗ് ട്രെൻഡുകൾ തന്നെയാണ് ‘വാഴ 2’ക്കും ലഭിക്കുന്നത് എന്നതാണ് ശ്രദ്ധേയമായ കാര്യം.

ഹ്യൂമറും ഇമോഷനും ചേർന്ന കോമഡി-ഡ്രാമ ഫോർമാറ്റിലാണ് ചിത്രം മുന്നേറുന്നത്. പൊട്ടിച്ചിരികളോടെ മുന്നേറുന്ന ആദ്യപകുതിയും ജീവിത യാഥാർത്ഥ്യങ്ങളെ തുറന്നു കാട്ടുന്ന രണ്ടാംപകുതിയും പ്രേക്ഷകരെ ആകർഷിക്കുന്നു. സൗഹൃദം, സഹോദരബന്ധം, വിദ്യാർത്ഥി ജീവിതം, അധ്യാപക-വിദ്യാർത്ഥി ബന്ധം, യുവാക്കൾ മയക്കുമരുന്നിലേക്കെത്തുന്ന സാഹചര്യങ്ങൾ തുടങ്ങിയ സാമൂഹിക വിഷയങ്ങളും ചിത്രം ശക്തമായി കൈകാര്യം ചെയ്യുന്നു.

ആദ്യ ഭാഗമായ ‘വാഴ – ബയോപിക് ഓഫ് എ ബില്യൺ ബോയ്സ്’ സൃഷ്ടിച്ച ഹൈപ്പ് നിലനിർത്തുന്നതിൽ ‘വാഴ 2’ വിജയിച്ചുവെന്നാണ് പ്രേക്ഷക അഭിപ്രായങ്ങൾ. മുൻ ചിത്രത്തിലെ കഥാപാത്രങ്ങളുടെ തുടർച്ചയും അവരുടെ ജീവിതത്തിലെ മാറ്റങ്ങളും പുതുമയാർന്ന അവതരണത്തിലൂടെ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത് ശ്രദ്ധേയമാണ്.

സാങ്കേതിക മികവും ദൃശ്യഭാഷയും മികച്ച നിലവാരം പുലർത്തുന്ന ചിത്രത്തിൽ, ഓരോ രംഗവും പ്രേക്ഷകരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നതിൽ സംവിധായകൻ സവിനും തിരക്കഥാകൃത്ത് വിപിൻ ദാസും വിജയം കണ്ടിട്ടുണ്ട്. തീയേറ്ററുകളിൽ നിറഞ്ഞ കൈയ്യടിയോടെയാണ് ചിത്രം മുന്നേറുന്നത്.

Leave a comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു