വിജയ് സർക്കാരിന് വിശ്വാസവോട്ട് വിജയം; 144 അംഗങ്ങളുടെ പിന്തുണ നേടി ഭൂരിപക്ഷം തെളിയിച്ചു
വിജയ് നേതൃത്വത്തിലുള്ള തമിഴ്നാട് സർക്കാർ നിയമസഭയിൽ നടന്ന നിർണായക വിശ്വാസവോട്ടെടുപ്പിൽ ഭൂരിപക്ഷം തെളിയിച്ചു. 144 എംഎൽഎമാരുടെ പിന്തുണയോടെയാണ് സർക്കാർ വിശ്വാസവോട്ട് നേടിയത്. സർക്കാർ രൂപീകരണത്തിന് ആവശ്യമായിരുന്ന 117 അംഗങ്ങളുടെ പിന്തുണയെക്കാൾ ഏറെ വോട്ടുകൾ നേടിയാണ് വിജയ് സർക്കാർ സഭയിൽ ശക്തമായ നിലപാട് ഉറപ്പിച്ചത്.
ആദ്യഘട്ടത്തിൽ 119 അംഗങ്ങളുടെ പിന്തുണയോടെയായിരുന്നു സർക്കാർ മുന്നേറിയത്. എന്നാൽ വിശ്വാസവോട്ടെടുപ്പിനിടെ എടപ്പാടി കെ പളനിസ്വാമി പക്ഷത്തിലെ 25 വിമത എഐഎഡിഎംകെ എംഎൽഎമാർ സർക്കാരിനെ അനുകൂലിച്ച് വോട്ട് ചെയ്തത് രാഷ്ട്രീയമായി വലിയ വഴിത്തിരിവായി. ഇതോടെ എഐഎഡിഎംകെയ്ക്കുള്ളിലെ ആഭ്യന്തര ഭിന്നതകളും വീണ്ടും ചർച്ചയായി.
അതേസമയം, എഐഎഡിഎംകെയുടെ ഇപിഎസ് വിഭാഗത്തിലെ 22 അംഗങ്ങൾ മാത്രമാണ് പ്രമേയത്തെ എതിർത്ത് വോട്ട് ചെയ്തത്. ഉദയനിധി സ്റ്റാലിൻ നേതൃത്വത്തിലുള്ള ഡിഎംകെ അംഗങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിൽക്കുന്നതായി പ്രഖ്യാപിച്ച് സഭയിൽ നിന്ന് ഇറങ്ങിപ്പോയി. കൂടാതെ അഞ്ച് എംഎൽഎമാർ നിലപാട് വ്യക്തമാക്കാതെ വിട്ടുനിന്നു.
വിശ്വാസവോട്ടെടുപ്പിന് പിന്നാലെ തമിഴ്നാട് രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾ രൂപപ്പെടുമെന്ന വിലയിരുത്തലാണ് ശക്തമാകുന്നത്. പ്രത്യേകിച്ച് എഐഎഡിഎംകെയിലെ വിമത നീക്കങ്ങൾ പാർട്ടിക്കുള്ളിലെ ഭിന്നത കൂടുതൽ രൂക്ഷമാക്കുമെന്ന സൂചനകളാണ് പുറത്തുവരുന്നത്.
സഭയിൽ ഭൂരിപക്ഷം തെളിയിച്ചതോടെ അടുത്ത ആറുമാസത്തേക്ക് വിജയ് സർക്കാരിന് ഭരണപരമായ സ്ഥിരത ഉറപ്പായിരിക്കുകയാണ്. കന്നി രാഷ്ട്രീയ പോരാട്ടത്തിൽ തന്നെ ശക്തമായ മുന്നേറ്റം കാഴ്ചവെച്ച വിജയ് നേതൃത്വം തമിഴ്നാട്ടിലെ രാഷ്ട്രീയ ചർച്ചകളിൽ ഇപ്പോൾ കേന്ദ്രവിഷയമായി മാറിയിരിക്കുകയാണ്.

















































































































































































































































































































































































