മെയ്‌ 14, 2026
#News #Top News

മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നു; ചീഫ് സെക്രട്ടറിയുടെ നിർണായക യോഗം, ജൂൺ 1ന് തന്നെ സ്കൂൾ തുറക്കും

Kerala reschedules school Christmas vacation

ഡോ. എ ജയതിലക് അധ്യക്ഷനായുള്ള ഉന്നതതല യോഗം സെക്രട്ടറിയേറ്റിൽ ചേർന്നു. മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ ഭരണ, വികസന, ദുരന്തനിവാരണ പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്താനായിരുന്നു യോഗം വിളിച്ചുചേർത്തത്. വകുപ്പ് സെക്രട്ടറിമാർ, ജില്ലാ കളക്ടർമാർ, വിവിധ വകുപ്പ് മേധാവികൾ എന്നിവരും യോഗത്തിൽ പങ്കെടുത്തു.

എൽപിജിയിൽ നിന്ന് പൈപ്പ്ഡ് നാചുറൽ ഗ്യാസ് (PNG) സംവിധാനത്തിലേക്കുള്ള മാറ്റം, സ്കൂൾ തുറക്കലിനുള്ള മുന്നൊരുക്കങ്ങൾ, സെൻസസ് പ്രവർത്തനങ്ങൾ, പാമ്പുകടി പ്രതിരോധം, മൺസൂൺ തയ്യാറെടുപ്പുകൾ, ദേശീയപാത വികസനം തുടങ്ങിയ വിഷയങ്ങളാണ് യോഗത്തിൽ പ്രധാനമായി ചർച്ചയായത്.

പിഎൻജി ലഭ്യത ഉറപ്പാക്കിയാൽ കൂടുതൽ ആളുകൾ ഈ സംവിധാനത്തിലേക്ക് മാറാൻ താൽപര്യം കാണിക്കുന്നതായി യോഗം വിലയിരുത്തി. ഇതിനായി ജില്ലാ കളക്ടർമാർ വിവിധ വകുപ്പുകളുമായി ചേർന്ന് നടപടികൾ വേഗത്തിലാക്കണമെന്ന് ചീഫ് സെക്രട്ടറി നിർദേശിച്ചു. അടിസ്ഥാന സൗകര്യ വികസനവുമായി ബന്ധപ്പെട്ട റോഡ് കട്ടിംഗ് അനുമതികൾ അടിയന്തരമായി നൽകാനും നിർദേശം നൽകി.

ജൂൺ ഒന്നിന് തന്നെ സംസ്ഥാനത്തെ സ്കൂളുകൾ തുറക്കുമെന്ന് യോഗത്തിൽ സ്ഥിരീകരിച്ചു. മെയ് 31നകം പാഠപുസ്തകങ്ങളുടെ അച്ചടിയും വിതരണവും പൂർത്തിയാക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ഇതിനകം 65 ശതമാനം പുസ്തകങ്ങൾ കുടുംബശ്രീ യൂണിറ്റുകൾ വഴി വിതരണം ചെയ്തതായി യോഗത്തിൽ വ്യക്തമാക്കി. യൂണിഫോം വിതരണവും പുരോഗമിക്കുന്നതായി ബന്ധപ്പെട്ട വകുപ്പ് അറിയിച്ചു.

സ്കൂളുകളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നടപടികളും യോഗം വിശദമായി വിലയിരുത്തി. സുരക്ഷാ കാര്യങ്ങളിൽ യാതൊരു ഇളവും ഉണ്ടാകരുതെന്ന് ചീഫ് സെക്രട്ടറി നിർദേശിച്ചു. ജില്ലാ കളക്ടർമാർ സ്കൂളുകളിൽ നേരിട്ടുള്ള പരിശോധനകൾ ശക്തമാക്കണമെന്നും നിർദേശം നൽകി.

പാമ്പുകടി പ്രതിരോധ പ്രവർത്തനങ്ങളും യോഗത്തിൽ പ്രധാന ചർച്ചയായി. അപകട സാധ്യതയുള്ള പ്രദേശങ്ങളിൽ ബോധവത്കരണ പ്രവർത്തനങ്ങൾ ശക്തമാക്കാനും സർപ്പ മൊബൈൽ ആപ്പിന്റെ ഉപയോഗം വ്യാപിപ്പിക്കാനും നിർദേശം നൽകി. സ്കൂളുകളിലും പൊതുസ്ഥലങ്ങളിലും ബോധവത്കരണ ക്യാമ്പുകൾ സംഘടിപ്പിക്കാനും തീരുമാനമായി.

മൺസൂൺ മുന്നൊരുക്കങ്ങളുടെ ഭാഗമായി ഓരോ ജില്ലയ്ക്കും ഒരു കോടി രൂപ വീതം അനുവദിക്കാൻ നിർദേശം നൽകി. ദുരന്തസാധ്യതയുള്ള മേഖലകളിൽ പ്രത്യേക ശമന പദ്ധതികൾ തയ്യാറാക്കാനും ജില്ലാ ഭരണകൂടങ്ങൾക്ക് നിർദേശം നൽകി. മലപ്പുറം മങ്കടയിലെ മിന്നലപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് അടിയന്തര ധനസഹായം നൽകാനും യോഗത്തിൽ തീരുമാനമായി.

ദേശീയപാത വികസന പ്രവൃത്തികളുടെ പുരോഗതിയും യോഗം വിലയിരുത്തി. ബാക്കി വരുന്ന പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ ബന്ധപ്പെട്ട ഏജൻസികളുമായി ഏകോപനം ശക്തമാക്കണമെന്ന് ജില്ലാ കളക്ടർമാർക്ക് നിർദേശം നൽകി.

Leave a comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു