ഹോർമുസ് കടലിടുക്കിൽ നിയന്ത്രണം കടുപ്പിച്ച് ഇറാൻ; പുതിയ പ്രവേശന സംവിധാനം ഉടൻ
ടെഹ്റാൻ: ആഗോള വ്യാപാരത്തിനും എണ്ണ ഗതാഗതത്തിനും നിർണായകമായ ഹോർമുസ് കടലിടുക്കിൽ നിയന്ത്രണം ശക്തമാക്കി ഇറാൻ. കടലിടുക്ക് ഉപയോഗിക്കുന്ന കപ്പലുകൾക്ക് പുതിയ നിയന്ത്രണ സംവിധാനം കൊണ്ടുവരാനൊരുങ്ങുന്നതായി ഇറാൻ ഭരണകൂടം അറിയിച്ചു.
പുതിയ സംവിധാനപ്രകാരം ഹോർമുസ് വഴി കടന്നുപോകുന്ന കപ്പലുകളിൽ നിന്ന് സേവന നിരക്ക് ഈടാക്കാനാണ് തീരുമാനം. കൂടാതെ ഇറാനുമായി സഹകരിക്കുന്ന രാജ്യങ്ങളുടെ കപ്പലുകൾക്ക് മാത്രമേ മുൻഗണന നൽകി കടന്നുപോകാൻ അനുമതി നൽകൂവെന്നും അധികൃതർ വ്യക്തമാക്കി.
ഹോർമുസ് കടലിടുക്ക് തുറക്കുന്നതിനായി ഇറാനെതിരെ സൈനിക നടപടിയെ പിന്തുണച്ച രാജ്യങ്ങളുടെ കപ്പലുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി. പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ രൂക്ഷമാകുന്നതിനിടെയാണ് ഇറാന്റെ പുതിയ നീക്കം.
അതേസമയം, നിയന്ത്രണങ്ങൾ ശക്തമാക്കിയിട്ടും ചില രാജ്യങ്ങളുടെ കപ്പലുകൾക്ക് ഇറാൻ അനുമതി നൽകുന്നുണ്ട്. ചൈനയ്ക്ക് പിന്നാലെ പാകിസ്ഥാൻ, ജപ്പാൻ എന്നീ രാജ്യങ്ങളിലെ കപ്പലുകളെയും നിലവിൽ ഹോർമുസ് വഴി കടത്തിവിട്ടതായി റിപ്പോർട്ടുകളുണ്ട്.
ലോകത്തിലെ പ്രധാന എണ്ണ ഗതാഗത പാതകളിൽ ഒന്നായ ഹോർമുസ് കടലിടുക്കിലെ പുതിയ നിയന്ത്രണങ്ങൾ ആഗോള വ്യാപാരത്തെയും ഇന്ധന വിപണിയെയും ബാധിക്കുമോയെന്ന ആശങ്കയും ശക്തമാകുകയാണ്.






















































































































































































































































































































































































