ബെംഗളൂരു – മുംബൈ വന്ദേ ഭാരത് സ്ലീപ്പർ ഉടൻ; യാത്രാസമയം 15 മണിക്കൂറായി കുറയും
ബെംഗളൂരു: ബെംഗളൂരു – മുംബൈ റൂട്ടിൽ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ സർവീസ് ഉടൻ ആരംഭിക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. ബെംഗളൂരു സിറ്റി റെയിൽവേ സ്റ്റേഷനിൽ നടന്ന പുതിയ എക്സ്പ്രസ് ട്രെയിൻ ഉദ്ഘാടന ചടങ്ങിലാണ് മന്ത്രി സുപ്രധാന പ്രഖ്യാപനം നടത്തിയത്. രാജ്യത്തെ രണ്ടാമത്തെ വന്ദേ ഭാരത് സ്ലീപ്പർ സർവീസായിരിക്കും ഇത്.
നിലവിൽ ബെംഗളൂരുവിൽ നിന്ന് മുംബൈയിലേക്കുള്ള ട്രെയിൻ യാത്രയ്ക്ക് 21 മുതൽ 23 മണിക്കൂർ വരെ വേണ്ടിവരുന്നുണ്ട്. എന്നാൽ വന്ദേ ഭാരത് സ്ലീപ്പർ സർവീസ് ആരംഭിക്കുന്നതോടെ യാത്രാസമയം 15 മുതൽ 17 മണിക്കൂറായി കുറയുമെന്നാണ് വിലയിരുത്തൽ. സ്ഥിരമായി ഈ റൂട്ടിൽ യാത്ര ചെയ്യുന്നവർക്ക് ഇത് വലിയ ആശ്വാസമാകും.
കെഎസ്ആർ ബെംഗളൂരു സ്റ്റേഷനിൽ നിന്ന് മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് ടെർമിനസിലേക്കായിരിക്കും സർവീസ് നടത്തുക. പൂനെ, സോളാപൂർ, കൽബുർഗി, റായ്ചൂർ, ഗുണ്ടക്കൽ എന്നിവിടങ്ങളിലൂടെ ട്രെയിൻ കടന്നുപോകും. മണിക്കൂറിൽ 180 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ കഴിയുന്ന ആധുനിക സാങ്കേതിക സംവിധാനങ്ങളോടെയാണ് വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ഹൗറ – ഗുവാഹത്തി റൂട്ടിൽ സർവീസ് നടത്തുന്ന ആദ്യ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിന് സമാനമായ കോച്ചുകളായിരിക്കും ബെംഗളൂരു – മുംബൈ റൂട്ടിലും ഉപയോഗിക്കുക. പൂർണമായും എയർ കണ്ടീഷൻ ചെയ്ത 16 സ്ലീപ്പർ കോച്ചുകളാണ് ട്രെയിനിൽ ഉണ്ടാകുക. 11 ത്രീ-ടയർ എസി കോച്ചുകൾ, നാല് ടു-ടയർ എസി കോച്ചുകൾ, ഒരു ഫസ്റ്റ് എസി കോച്ച് എന്നിവ ഉൾപ്പെടുന്നതാണ് ട്രെയിൻ ഘടന.
823 ബെർത്തുകളുള്ള ട്രെയിനിൽ 611 എണ്ണം ത്രീ എസി വിഭാഗത്തിലും, 188 എണ്ണം ടു എസി വിഭാഗത്തിലും, 24 എണ്ണം ഫസ്റ്റ് എസി വിഭാഗത്തിലുമാണ് ക്രമീകരിച്ചിരിക്കുന്നത്. യാത്രക്കാരുടെ സുരക്ഷ, വേഗത, സൗകര്യം എന്നിവ മുൻനിർത്തിയാണ് പുതിയ ട്രെയിൻ സംവിധാനം ഒരുക്കുന്നത്.


























































































































































































































































































































































































