ദില്ലിയിൽ ശക്തമായ പൊടിക്കാറ്റ്; 92 കി.മീ വേഗതയിൽ കാറ്റ്, റെഡ് അലർട്ട് പ്രഖ്യാപിച്ചു
ന്യൂഡൽഹി: ദേശീയ തലസ്ഥാനമായ ദില്ലിയിൽ ശക്തമായ പൊടിക്കാറ്റ് വീശിയതിനെ തുടർന്ന് കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. മണിക്കൂറിൽ 92 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് രേഖപ്പെടുത്തിയതോടെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ജാഗ്രത നിർദേശം പുറപ്പെടുവിച്ചു.
ഉച്ചയ്ക്കുശേഷം ദില്ലിയിലെ കാലാവസ്ഥയിൽ പെട്ടെന്നുണ്ടായ മാറ്റമാണ് ആശങ്ക ഉയർത്തിയത്. പാലം കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൽ മണിക്കൂറിൽ 92 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശിയതായി രേഖപ്പെടുത്തി. ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 70 മുതൽ 90 കിലോമീറ്റർ വരെ വേഗതയുള്ള കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
പൊടിക്കാറ്റിനെ തുടർന്ന് നഗരത്തിലെ പല പ്രദേശങ്ങളിലും ദൃശ്യപരത ഗണ്യമായി കുറഞ്ഞിട്ടുണ്ട്. അതിനാൽ വാഹനമോടിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. അത്യാവശ്യ യാത്രകൾ മാത്രമേ നടത്താവൂ എന്നും സാധ്യമെങ്കിൽ വീടുകളിൽ തന്നെ തുടരണമെന്നും മുന്നറിയിപ്പിൽ പറയുന്നു.
മരങ്ങൾ, വൈദ്യുത തൂണുകൾ, നിർമാണ സ്ഥലങ്ങൾ എന്നിവയ്ക്ക് സമീപം നിൽക്കുന്നത് ഒഴിവാക്കണമെന്നും ഇടിമിന്നൽ സമയത്ത് മരച്ചുവട്ടിൽ അഭയം തേടരുതെന്നും കാലാവസ്ഥാ വകുപ്പ് നിർദേശിച്ചു.
അതേസമയം, പ്രതികൂല കാലാവസ്ഥയുടെ പശ്ചാത്തലത്തിൽ വിമാന സർവീസുകൾക്കും തടസമുണ്ടാകാൻ സാധ്യതയുണ്ടെന്ന് വിമാനക്കമ്പനികൾ അറിയിച്ചു. യാത്രക്കാർ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് സർവീസ് വിവരങ്ങൾ പരിശോധിക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്.





























































































































































































































































































































































































































