ജൂൺ 28, 2026
#latest news #News #Tech news #Top News

രാജ്യത്തെ ലഹരിക്കടത്തിന്റെ പ്രധാന വേദിയായി ടെലിഗ്രാം; എൻസിബി റിപ്പോർട്ടിൽ ഗുരുതര മുന്നറിയിപ്പ്

Telegram Channels

ന്യൂഡൽഹി: രാജ്യത്ത് ലഹരിമരുന്ന് വിൽപ്പനയും വിതരണവും വ്യാപിപ്പിക്കാൻ വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലൊന്നായി ടെലിഗ്രാം മാറിയെന്ന് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (NCB) വാർഷിക റിപ്പോർട്ടിൽ വ്യക്തമാക്കി. ലഹരിമരുന്ന് കടത്തും വിൽപ്പനയും ഏകോപിപ്പിക്കുന്നതിന് ടെലിഗ്രാം ചാനലുകൾ ഉപയോഗിക്കുന്ന സംഘടിത ശൃംഖലകൾ രാജ്യത്തിന് വലിയ വെല്ലുവിളിയാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

പൊതുചാനലുകളിലൂടെയും സ്വകാര്യ ഗ്രൂപ്പുകളിലൂടെയും ലഹരിവസ്തുക്കളുടെ വിവരങ്ങൾ, വില, വിതരണ മാർഗങ്ങൾ എന്നിവ പ്രചരിപ്പിച്ച് ഉപഭോക്താക്കളെ കണ്ടെത്തുന്ന രീതിയാണ് കൂടുതലായും പിന്തുടരുന്നതെന്ന് എൻസിബി വ്യക്തമാക്കുന്നു. ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളുടെ ദുരുപയോഗം ലഹരിവ്യാപാരത്തിന് പുതിയ മുഖം നൽകിയതായും റിപ്പോർട്ടിൽ പറയുന്നു.

മ്യാൻമറിൽ നിന്ന് വടക്കുകിഴക്കൻ അതിർത്തി വഴിയുള്ള ലഹരിമരുന്ന് കടത്ത് ഇപ്പോഴും ആശങ്കാജനകമായ തോതിൽ തുടരുന്നതായും റിപ്പോർട്ടിൽ പരാമർശമുണ്ട്. ചില അതിർത്തി പ്രദേശങ്ങളിൽ പ്രവർത്തിക്കുന്ന സായുധ സംഘങ്ങളുമായും ഈ കടത്തിന് ബന്ധമുണ്ടെന്ന വിലയിരുത്തലും എൻസിബി മുന്നോട്ടുവയ്ക്കുന്നു.

അതേസമയം, ഹെറോയിനേക്കാൾ നിരവധി മടങ്ങ് ശക്തിയുള്ള ‘നൈറ്റസീൻസ്’ (Nitazenes) എന്ന സിന്തറ്റിക് മയക്കുമരുന്നിന്റെ വ്യാപനവും ഇന്ത്യയ്ക്ക് പുതിയ ഭീഷണിയാണെന്ന് റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു. ഈ മയക്കുമരുന്നിന്റെ ഉപയോഗവും അനധികൃത വിതരണവും തടയാൻ കൂടുതൽ കർശനമായ നിരീക്ഷണവും നിയമനടപടികളും അനിവാര്യമാണെന്ന് എൻസിബി അഭിപ്രായപ്പെട്ടു.

Leave a comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു