ജൂലൈ 17, 2026
#latest news #News #Top News

അഴിമതിക്ക് ആരോപണം ഉയർന്നാൽ മന്ത്രിമാർക്കെതിരെ ഉടൻ നടപടി: തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്

Vijay Salem Public Meeting

ചെന്നൈ: അഴിമതിക്കെതിരെ കർശന നിലപാട് സ്വീകരിക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് വ്യക്തമാക്കി. മന്ത്രിമാർക്കെതിരെ അഴിമതി ആരോപണം ഉയർന്നാൽ അന്വേഷണം വൈകിക്കാതെ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും, സ്ഥാനത്ത് തുടരാൻ അനുവദിക്കില്ലെന്നും അദ്ദേഹം മന്ത്രിസഭാ യോഗത്തിൽ മുന്നറിയിപ്പ് നൽകി.

ചെന്നൈ സെക്രട്ടേറിയറ്റിൽ ചേർന്ന മന്ത്രിസഭാ യോഗത്തിൽ ഭരണത്തിലെ സുതാര്യത, അച്ചടക്കം, അഴിമതി വിരുദ്ധ നടപടികൾ എന്നിവയാണ് പ്രധാന ചർച്ചയായത്. അഴിമതിരഹിത ഭരണമാണ് സർക്കാരിന്റെ ലക്ഷ്യമെന്നും, എല്ലാ മന്ത്രിമാരും തങ്ങളുടെ വകുപ്പുകളിലെ പ്രവർത്തനങ്ങൾ കൃത്യമായി നിരീക്ഷിക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.

പൊതുസ്ഥാപനങ്ങളിലോ സർക്കാർ ഓഫീസുകളിലോ അനാവശ്യ പരിശോധനകളും പ്രചാരണ പരിപാടികളും ഒഴിവാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രത്യേകിച്ച് സ്കൂളുകളിൽ പരിശോധനയുടെ പേരിൽ എത്തി വീഡിയോ ചിത്രീകരണവും സോഷ്യൽ മീഡിയ പ്രചാരണവും നടത്തരുതെന്ന് മന്ത്രിമാർക്ക് നിർദേശം നൽകി. വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് തടസ്സം സൃഷ്ടിക്കുന്ന നടപടികൾ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ സന്ദർശനങ്ങൾക്കിടെ പൊതുജനങ്ങളോട് ഉത്തരവാദിത്തത്തോടെയും ബഹുമാനത്തോടെയും പെരുമാറണമെന്നും, വിവാദങ്ങൾക്ക് വഴിവെക്കുന്ന പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു. സർക്കാർ സംവിധാനങ്ങളിൽ സുതാര്യത ഉറപ്പാക്കുകയും അഴിമതി പരാതികൾ ഉയരാതിരിക്കാൻ ഓരോ വകുപ്പിലും നിയന്ത്രണ സംവിധാനം ശക്തിപ്പെടുത്തുകയും വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മുൻ ഭരണകാലത്തെ സാമ്പത്തിക പോരായ്മകൾ വിലയിരുത്തി, സർക്കാർ വരുമാനം വർധിപ്പിക്കുന്ന നടപടികൾ ഓരോ വകുപ്പും സ്വീകരിക്കണമെന്നും മുഖ്യമന്ത്രി യോഗത്തിൽ നിർദേശിച്ചതായി റിപ്പോർട്ടുകളുണ്ട്.

Leave a comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു