‘ജനനായകൻ’ ജൂലൈ 23ന് തിയേറ്ററുകളിൽ; വിജയിയുടെ അവസാന ചിത്രത്തിന് റിലീസ് തീയതി പ്രഖ്യാപിച്ചു
തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് നായകനാകുന്ന ‘ജനനായകൻ’ എന്ന ചിത്രത്തിന്റെ റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചു. നിർമ്മാണ കമ്പനിയായ കെവിഎൻ പ്രൊഡക്ഷൻസ് ആണ് ചിത്രം ജൂലൈ 23ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനത്തിനെത്തുമെന്ന് അറിയിച്ചത്. റിലീസ് പ്രഖ്യാപനത്തോടനുബന്ധിച്ച് ചിത്രത്തിന്റെ പുതിയ പോസ്റ്ററും സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെച്ചു.
അടുത്തിടെ ചിത്രത്തിന് സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷന്റെ (CBFC) അനുമതി ലഭിച്ചിരുന്നു. ‘സി. ജോസഫ് വിജയ്’ എന്ന പേരോടെയാണ് ചിത്രത്തിന്റെ ടൈറ്റിൽ കാർഡ് അവതരിപ്പിച്ചിരിക്കുന്നത്. ഏകദേശം മൂന്ന് മണിക്കൂർ മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള ചിത്രത്തിൽ സെൻസർ ബോർഡ് നിർദേശിച്ച തിരുത്തലുകൾ ഉൾപ്പെടുത്തിയാണ് റിലീസിനൊരുങ്ങുന്നത്.
ചിത്രത്തിന് സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കുന്നതുമായി ബന്ധപ്പെട്ട നടപടികൾ ദീർഘിച്ചതിനെ തുടർന്ന് നിയമപരമായ നടപടികളും സ്വീകരിക്കേണ്ടി വന്നിരുന്നു. എല്ലാ നടപടിക്രമങ്ങളും പൂർത്തിയായതോടെയാണ് റിലീസ് പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്.
എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് അനിരുദ്ധ് രവിചന്ദർ ആണ്. ഛായാഗ്രഹണം സത്യൻ സൂര്യൻ നിർവഹിക്കുമ്പോൾ, എഡിറ്റിംഗ് പ്രദീപ് ഇ. രാഘവ് കൈകാര്യം ചെയ്യുന്നു. കെവിഎൻ പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ചിത്രം വിജയിയുടെ സിനിമാജീവിതത്തിലെ അവസാന ചിത്രമെന്ന നിലയിലും വലിയ ശ്രദ്ധ നേടുന്നുണ്ട്.













































































































































































































































































































































































































































