ജൂലൈ 28, 2026
#latest news #News #Top News

സാമ്പത്തിക പ്രതിസന്ധി: ചെലവ് നിയന്ത്രിക്കാൻ വകുപ്പുകൾക്ക് ധനവകുപ്പിന്റെ കർശന നിർദേശം

VD Satheesan

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തിക സാഹചര്യം കണക്കിലെടുത്ത് സർക്കാർ വകുപ്പുകൾ ചെലവിൽ കൂടുതൽ നിയന്ത്രണം പാലിക്കണമെന്ന് ധനവകുപ്പ് നിർദേശിച്ചു. അടുത്ത സാമ്പത്തിക വർഷത്തെ ബജറ്റ് തയ്യാറെടുപ്പിന്റെ ഭാഗമായി പുറത്തിറക്കിയ സർക്കുലറിലാണ് ചെലവ് വർധിപ്പിക്കരുതെന്നും ബജറ്റ് എസ്റ്റിമേറ്റ് യാഥാർഥ്യബോധത്തോടെ തയ്യാറാക്കണമെന്നും നിർദേശിച്ചിരിക്കുന്നത്.

പുതുക്കിയ എസ്റ്റിമേറ്റ് അനുവദിച്ച ബജറ്റ് പരിധി കവിയരുതെന്നും സാമ്പത്തികമായി പ്രയോജനമില്ലാത്ത പദ്ധതികൾ ഒഴിവാക്കണമെന്നും സർക്കുലർ വ്യക്തമാക്കുന്നു. അടിയന്തര സ്വഭാവമില്ലാത്ത അറ്റകുറ്റപ്പണികൾ പിന്നീട് നടത്തുന്നതും പരിഗണിക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്.

അതേസമയം, അധിക ജീവനക്കാരെ പിരിച്ചുവിടേണ്ട സാഹചര്യമില്ലെന്നും, പുതിയ ഒഴിവുകൾ ഉണ്ടാകുമ്പോൾ അവിടെ ആവശ്യാനുസരണം വിന്യസിക്കാമെന്നും ധനവകുപ്പ് അറിയിച്ചു. ശമ്പളച്ചെലവിന്റെ കൃത്യമായ കണക്ക് സമർപ്പിക്കണമെന്നും കഴിഞ്ഞ വർഷത്തേക്കാൾ ചെലവ് ഉയരുന്നുണ്ടെങ്കിൽ അതിന്റെ കാരണം വിശദീകരിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.

നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ സംസ്ഥാനത്തിന്റെ റവന്യൂ വരുമാനം ₹33,311.21 കോടിയായി ഉയർന്നെങ്കിലും ചെലവും വായ്പാഭാരവും വർധിച്ചതായി വിലയിരുത്തപ്പെടുന്നു. ഈ സാഹചര്യത്തിൽ അടുത്ത വർഷത്തെ ധനകാര്യ ആസൂത്രണത്തിൽ കൂടുതൽ ജാഗ്രത പാലിക്കണമെന്നാണ് സർക്കുലറിലെ പ്രധാന നിർദേശം.

നികുതി, നികുതിയേതര കുടിശ്ശിക, പിരിച്ചെടുക്കാനുള്ള നടപടികൾ എന്നിവയുടെ വിശദാംശങ്ങളും വകുപ്പുകൾ സമർപ്പിക്കണം. താൽക്കാലിക ജീവനക്കാരുടെ ആവശ്യകത പുനഃപരിശോധിക്കാനും നിർദേശമുണ്ട്. വിവിധ വകുപ്പുകൾ സെപ്റ്റംബർ 20-നകം അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് എസ്റ്റിമേറ്റുകൾ ധനവകുപ്പിന് സമർപ്പിക്കണമെന്നും സർക്കുലർ വ്യക്തമാക്കുന്നു.

സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനായി സർക്കാർ ധനകാര്യ നിയന്ത്രണം ശക്തമാക്കുന്ന നടപടികളുടെ ഭാഗമായാണ് പുതിയ നിർദേശങ്ങൾ പുറത്തിറക്കിയിരിക്കുന്നത്.

Leave a comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു