‘ടീമിന് എന്നെ ആവശ്യമുണ്ടെങ്കിൽ ഞാൻ തിരിച്ചെത്തും’; ഭാവിയെക്കുറിച്ച് തുറന്നുപറഞ്ഞ് സഞ്ജു സാംസൺ
മുംബൈ: ഇന്ത്യൻ ടി20 ടീമിൽ നിന്ന് അടുത്തിടെ പുറത്തായതിനെ തുടർന്ന് ഉയർന്ന ചർച്ചകൾക്കിടെ തന്റെ ഭാവിയെക്കുറിച്ചും ദേശീയ ടീമിലേക്കുള്ള തിരിച്ചുവരവിനെക്കുറിച്ചും മനസുതുറന്ന് മലയാളി താരം സഞ്ജു സാംസൺ. ഇന്ത്യൻ ടീമിൽ അവസരം ലഭിക്കുമോയെന്ന ആശങ്കയെക്കാൾ മികച്ച പ്രകടനം തുടരുന്നതിലാണ് ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് താരം പറഞ്ഞു.
2026-ലെ ടി20 ലോകകപ്പിന് ശേഷം തന്നെ ദേശീയ ടീമിൽ തുടരുമെന്ന് ഒരിക്കലും ഉറപ്പിച്ചിരുന്നില്ലെന്ന് സഞ്ജു വ്യക്തമാക്കി. ഒരു ഘട്ടത്തിൽ ഇന്ത്യൻ ടീമിന്റെ പ്രധാന സ്ക്വാഡിൽ പോലും താൻ ഉണ്ടായിരുന്നില്ലെന്നും, അതിനാൽ ഏറെ മുന്നിലുള്ള ടൂർണമെന്റുകളെ കുറിച്ച് ഇപ്പോൾ പദ്ധതിയിടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ടീമിന് തന്റെ സേവനം ആവശ്യമാണെന്നും താൻ മികച്ച പ്രകടനം കാഴ്ചവെക്കുന്നുണ്ടെന്നും തെളിയിക്കാൻ കഴിഞ്ഞാൽ അവസരങ്ങൾ സ്വാഭാവികമായി വരുമെന്നും സഞ്ജു കൂട്ടിച്ചേർത്തു. ഇന്ത്യൻ ടീമിൽ സ്ഥാനം നേടാൻ ശക്തമായ മത്സരമാണുള്ളതെന്നും രാജ്യത്ത് നിരവധി പ്രതിഭകൾ ഉയർന്നുവരുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ക്രിക്കറ്റിനെ ആസ്വദിച്ചുകൊണ്ട് മുന്നോട്ട് പോകാനാണ് ഇപ്പോഴത്തെ ലക്ഷ്യമെന്ന് പറഞ്ഞ സഞ്ജു, എല്ലാവരുടെയും അഭിപ്രായങ്ങളെ ബഹുമാനിച്ചുകൊണ്ട് മികച്ച ടീം അംഗമായി തുടരാനാണ് ആഗ്രഹിക്കുന്നതെന്നും വ്യക്തമാക്കി. തന്റെ കരിയറിലെ നേട്ടങ്ങളിൽ സംതൃപ്തിയുണ്ടെന്നും ഇനിയും മികച്ച പ്രകടനങ്ങളിലൂടെ ടീമിനെ സഹായിക്കാൻ ആഗ്രഹിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ഇതിനൊപ്പം ഇന്ത്യൻ മുൻ നായകൻ വിരാട് കോലിയുടെ ഫിറ്റ്‌നസിനെയും പ്രൊഫഷണൽ സമീപനത്തെയും സഞ്ജു പ്രശംസിച്ചു. പരിശീലനത്തിൽ കോലി പുലർത്തുന്ന അച്ചടക്കവും ആത്മാർഥതയും യുവതാരങ്ങൾക്ക് പ്രചോദനമാണെന്നും, അദ്ദേഹത്തിന്റെ പ്രവർത്തനശൈലി തനിക്ക് ഏറെ ഇഷ്ടമാണെന്നും സഞ്ജു പറഞ്ഞു.
















































































































































































































































































































































































































































