ലോകകപ്പിനിടെ മെസ്സിയെ വധിക്കാൻ ഗൂഢാലോചന; പൊലീസ് റിപ്പോർട്ട്
അറ്റ്‌ലാന്റ: ലോകകപ്പ് മത്സരത്തിനിടെ അർജന്റീന നായകൻ ലിയോണൽ മെസ്സിയെ ലക്ഷ്യമിട്ട് വധഭീഷണി ഉണ്ടായിരുന്നതായി പൊലീസ് രേഖകളെ ഉദ്ധരിച്ച് റിപ്പോർട്ട്. അറ്റ്‌ലാന്റയിലെ സ്റ്റേഡിയത്തിൽ വെച്ച് മെസ്സിയെ ആക്രമിക്കാൻ പദ്ധതിയിട്ടെന്ന വിവരങ്ങളാണ് പുറത്തുവന്നത്. സ്പാനിഷ് മാധ്യമമായ ഇൻഫോർമാസിയോണാണ് പൊലീസ് രേഖയിലെ വിവരങ്ങൾ റിപ്പോർട്ട് ചെയ്തത്.
ലോകകപ്പിൽ പങ്കെടുക്കുന്ന താരങ്ങൾ, ഒഫീഷ്യലുകൾ, അവരുടെ കുടുംബാംഗങ്ങൾ എന്നിവർക്കെതിരെയും ഭീഷണികൾ ലഭിച്ചിരുന്നതായി റിപ്പോർട്ടിൽ പറയുന്നു. ഡാലസിലെ സ്റ്റേഡിയത്തിലേക്ക് മൂന്ന് പേർ ബോംബുകളും AR-15 റൈഫിളുമായി എത്തുമെന്നായിരുന്നു അധികൃതർക്ക് ലഭിച്ച മുന്നറിയിപ്പ്. ഈ ഭീഷണിയിലും മെസ്സിയുടെ പേര് പരാമർശിച്ചിരുന്നതായാണ് വിവരം.
ജൂലൈ 7ന് ഈജിപ്തിനെതിരായ അർജന്റീന മത്സരവുമായി ബന്ധപ്പെട്ടും സമാനമായ ഭീഷണി ഉയർന്നിരുന്നു. നാല് ബോംബുകളുമായി അറ്റ്‌ലാന്റ സ്റ്റേഡിയത്തിലെത്തി മെസ്സിയെ ആക്രമിക്കുമെന്ന് അവകാശപ്പെടുന്ന പോസ്റ്റ് എക്സിൽ പ്രത്യക്ഷപ്പെട്ടതായും റിപ്പോർട്ടിൽ പറയുന്നു.
ഭീഷണികളുടെ പശ്ചാത്തലത്തിൽ അറ്റ്‌ലാന്റ സ്റ്റേഡിയത്തിൽ സുരക്ഷാ പരിശോധന ശക്തമാക്കി. മത്സരത്തിനിടെ സ്റ്റേഡിയത്തിൽ മൂന്ന് ബോംബുകൾ സ്ഥാപിച്ചിട്ടുണ്ടെന്ന മുന്നറിയിപ്പ് ലഭിച്ചതിനെ തുടർന്ന് ബോംബ് സ്ക്വാഡ്, ഡോഗ് ഹാൻഡ്ലർമാർ, K-9 യൂണിറ്റുകൾ എന്നിവർ പരിശോധന നടത്തി.
ലോകകപ്പ് സുരക്ഷാ സംവിധാനത്തിന്റെ ഭാഗമായി എഫ്ബിഐയും സെന്റർ ഫോർ ഇന്റർനാഷണൽ പോലീസ് കോ-ഓപ്പറേഷനും (IPCC) ഉൾപ്പെടുന്ന സംയുക്ത സുരക്ഷാ ശൃംഖല പ്രവർത്തിച്ചിരുന്നതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

















































































































































































































































































































































































































































