അമ്മയിലെ തൊഴിൽ പീഡന ആരോപണം; ഓഫീസ് സ്റ്റാഫ് അതുല്യ വീണ്ടും പൊലീസിൽ പരാതി നൽകി
കൊച്ചി: അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യിൽ ഉയർന്ന തൊഴിൽ പീഡന ആരോപണത്തിൽ ഓഫീസ് സ്റ്റാഫ് അതുല്യ വീണ്ടും സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകി. ജനറൽ സെക്രട്ടറി കുക്കു പരമേശ്വരൻ, ട്രഷറർ ഉണ്ണി ശിവപാൽ, നടി നീനാ കുറുപ്പ് എന്നിവർക്കെതിരെയാണ് പുതിയ പരാതി. ഫോൺ സംഭാഷണങ്ങളും ശബ്ദരേഖകളും ഉൾപ്പെടെയുള്ള തെളിവുകളും പരാതിക്കൊപ്പം കൈമാറിയതായി അതുല്യ വ്യക്തമാക്കി.
തൊഴിൽ പീഡന ആരോപണത്തെ തുടർന്ന് നേരത്തെ പുറത്താക്കപ്പെട്ട അതുല്യയെ എക്സിക്യൂട്ടീവ് കമ്മിറ്റി പിന്നീട് ജോലിയിൽ തിരിച്ചെടുത്തിരുന്നു. എന്നാൽ ജോലിയിൽ തിരിച്ചെത്തിയ ശേഷവും മാനസിക പീഡനവും ഭീഷണിയും തുടരുകയാണെന്നാണ് അതുല്യയുടെ ആരോപണം. തന്നെ അപകീർത്തിപ്പെടുത്താനും ഗൂഢാലോചന നടത്താനും ശ്രമിച്ചുവെന്നും പരാതിയിൽ പറയുന്നു.
തൊഴിൽ പീഡന പരാതിക്ക് പിന്നാലെ നൽകിയ ഓഡിയോ തെളിവുകൾ പുറത്തുവിട്ടതായും അതുല്യ ആരോപിച്ചു. സംഭവത്തിൽ ജീവന് ഭീഷണിയുണ്ടെന്നും അതുല്യ പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. സിറ്റി പൊലീസ് കമ്മീഷണർക്കും ജില്ലാ ലേബർ ഓഫീസർക്കുമാണ് പരാതി നൽകിയിരിക്കുന്നത്.
അതേസമയം, നടി അൻസിബ നൽകിയ പരാതിയിൽ പ്രത്യേക സമിതി രൂപീകരിക്കാനുള്ള സാധ്യത കുറവാണെന്നാണ് വിവരം. വിഷയം എക്സിക്യൂട്ടീവ് കമ്മിറ്റിക്കുള്ളിൽ തന്നെ പരിഹരിക്കാനാണ് ‘അമ്മ’ സംഘടനയുടെ നീക്കം.
































































































































































































































































































































































































