കീം 2026 ഫലം പ്രസിദ്ധീകരിച്ചു; എൻജിനീയറിങ് റാങ്കിൽ റോഷൻ രാജുവിന് ഒന്നാം സ്ഥാനം
തിരുവനന്തപുരം: സംസ്ഥാനത്തെ എൻജിനീയറിങ്, ഫാർമസി പ്രവേശനത്തിനായുള്ള കീം 2026 (KEAM) പരീക്ഷയുടെ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. എൻജിനീയറിങ് വിഭാഗത്തിൽ 79,717 വിദ്യാർഥികൾ റാങ്ക് പട്ടികയിൽ ഇടംനേടി. അങ്കമാലി സ്വദേശി റോഷൻ രാജു ഒന്നാം റാങ്കും, കണ്ണൂർ സ്വദേശി ധ്യാൻ തേജ് രണ്ടാം റാങ്കും കരസ്ഥമാക്കി. തൃശൂർ സ്വദേശിനി വിസ്മയ കെ.ആർ. മൂന്നാം റാങ്ക് നേടിയപ്പോൾ, എറണാകുളം ചോറ്റാനിക്കര സ്വദേശി രോഹിത് കൃഷ്ണ എച്ച്. നാലാം സ്ഥാനത്തെത്തി.
എൻജിനീയറിങ് വിഭാഗത്തിലെ ആദ്യ പത്ത് റാങ്കുകളിൽ ഗോവിന്ദ് വിനോദ്, ആൽഫ്രഡ് ജെൻസൺ, തലാൽ ഷിഹാബുദ്ദീൻ, കൃഷ്ണ ജെ. മേനോൻ, ജോഷ്വ എസ്. ചുണ്ടാട്ട്, റിതിൻ രാജ് കെ. എന്നിവരും ഉൾപ്പെട്ടിട്ടുണ്ട്. എസ്.സി/എസ്.ടി ഉൾപ്പെടെയുള്ള വിവിധ വിഭാഗങ്ങളിലെ വിശദമായ റാങ്ക് പട്ടിക ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണെന്ന് അധികൃതർ അറിയിച്ചു.
ഫാർമസി റാങ്ക് പട്ടികയിൽ 26,943 വിദ്യാർഥികൾ യോഗ്യത നേടി. തൃശൂർ സ്വദേശി വിനായകൻ നാരായണൻ ഒന്നാം റാങ്കും, ജെസ്സി ജസ്റ്റിൻ രണ്ടാം റാങ്കും നേടി. മലപ്പുറം സ്വദേശി ദിയ ഫാത്തിമ മൂന്നാം സ്ഥാനത്തെത്തി. പ്രണവ് ജി. സജീവ്, റെന നസ്റിൻ, നിമീഷ് പി. രാജൻ, കേശവ്നാഥ്, മുരളീകൃഷ്ണ അശോക്, ഷഹാന ഷെറിൻ പി.വി., വൈഷ്ണവി പി.കെ. എന്നിവരാണ് ആദ്യ പത്ത് റാങ്കുകാരിൽ ഉൾപ്പെട്ടത്.
ഫലപ്രഖ്യാപനവുമായി ബന്ധപ്പെട്ട് സംസാരിച്ച ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ, സംസ്ഥാനത്തും സംസ്ഥാനത്തിന് പുറത്തും വിദേശത്തുമടക്കം ഒരുക്കിയ പരീക്ഷാ കേന്ദ്രങ്ങളിലൂടെ പരാതികളില്ലാതെ പരീക്ഷ വിജയകരമായി പൂർത്തിയാക്കിയതായി അറിയിച്ചു. കേരളത്തിലെ 192 പരീക്ഷാ കേന്ദ്രങ്ങളിൽ ഉൾപ്പെടെ ആകെ 96,750 വിദ്യാർഥികൾ എൻജിനീയറിങ് പരീക്ഷയെഴുതിയതിൽ 79,717 പേർ യോഗ്യത നേടി.
സിബിഎസ്ഇ പുനർമൂല്യനിർണയ ഫലങ്ങൾ വൈകിയതിനാൽ മാർക്ക് ലിസ്റ്റ് സമർപ്പിക്കാനുള്ള സമയം രണ്ടുതവണ നീട്ടി നൽകിയതിനെ തുടർന്നാണ് ഫലപ്രഖ്യാപനം വൈകിയതെന്നും മന്ത്രി വ്യക്തമാക്കി. എൻജിനീയറിങ് വിഭാഗത്തിലെ ഒന്നും രണ്ടും റാങ്കുകാർക്ക് മന്ത്രി നേരിട്ട് ഫോൺ ചെയ്ത് അഭിനന്ദനവും അറിയിച്ചു.








































































































































































































































































































































































































































