ഡികെ ശിവകുമാർ ജൂൺ 3ന് കർണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും
ബെംഗളൂരു: കർണാടകയുടെ പുതിയ മുഖ്യമന്ത്രിയായി ഡികെ ശിവകുമാർ ജൂൺ 3ന് സത്യപ്രതിജ്ഞ ചെയ്യും. ഇതുസംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് ഗവർണറുടെ ഓഫീസിന് കൈമാറിയതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ബെംഗളൂരുവിലെ ലോക് ഭവനിൽ വൈകിട്ട് 5.15നാണ് സത്യപ്രതിജ്ഞ ചടങ്ങ് നടക്കുക.
ഡികെ ശിവകുമാറിനൊപ്പം ഒൻപത് എംഎൽഎമാരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യും. മുതിർന്ന കോൺഗ്രസ് നേതാക്കളായ ജി പരമേശ്വരയും കെ ജെ ജോർജും ആദ്യഘട്ട മന്ത്രിസഭയിൽ ഇടംപിടിക്കുന്നവരിൽ ഉൾപ്പെടുന്നു.
സത്യപ്രതിജ്ഞയുടെ സമയം ജ്യോതിഷിയുടെ നിർദേശപ്രകാരമാണ് നിശ്ചയിച്ചതെന്നാണ് വിവരം. വൈകിട്ട് 5.15 എന്ന സമയം പ്രത്യേകമായി നിർദേശിച്ചതായും ചടങ്ങ് വിധാൻ സൗധയ്ക്ക് പകരം ലോക് ഭവനിൽ നടത്താനുള്ള തീരുമാനവും ജ്യോതിഷ ഉപദേശത്തെ തുടർന്നാണെന്നും റിപ്പോർട്ടുകളുണ്ട്.
അതേസമയം, മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയെ കോൺഗ്രസ് കോർ കമ്മിറ്റി ചെയർമാനാക്കാൻ ധാരണയായിട്ടുണ്ട്. സംസ്ഥാന സർക്കാരിന്റെ പ്രധാന നയപരമായ തീരുമാനങ്ങൾ കോർ കമ്മിറ്റിയുമായി ചർച്ച ചെയ്ത ശേഷമായിരിക്കും കൈക്കൊള്ളുക. സിദ്ധരാമയ്യ ഉൾപ്പെടെ 10 അംഗങ്ങളാണ് കോർ കമ്മിറ്റിയിൽ ഉണ്ടാകുക.
പുതിയ നേതൃത്വത്തിന് കീഴിൽ കർണാടകയിലെ ഭരണനടപടികൾക്ക് പുതിയ ദിശ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ് നേതൃത്വം.




































































































































































































































































































































































































