മെയ്‌ 20, 2026
#International News #latest news #Sports

നെയ്മാറുമായി ബ്രസീൽ ലോകകപ്പ് ടീം പ്രഖ്യാപിച്ചു; വിനീഷ്യസും റഫീഞ്ഞയും സ്ക്വാഡിൽ

Brazil World Cup

ബ്രസീൽ: ഫിഫ ലോകകപ്പിനുള്ള ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു. സൂപ്പർതാരം നെയ്മാർ ജൂനിയറെ ഉൾപ്പെടുത്തിയാണ് പരിശീലകൻ കാർലോ ആഞ്ചലോട്ടി 26 അംഗ ടീമിനെ പ്രഖ്യാപിച്ചത്. വിനീഷ്യസ് ജൂനിയർ, റഫീഞ്ഞ, അലിസൺ ഉൾപ്പെടെയുള്ള പ്രമുഖ താരങ്ങളും ടീമിലുണ്ട്.

ബ്രസീലിന്റെ ചരിത്രത്തിലെ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരമായ നെയ്മാർക്ക് ഇത് നാലാം ലോകകപ്പാണ്. 2014, 2018, 2022 ലോകകപ്പുകളിലായി 13 മത്സരങ്ങളിൽ നിന്ന് എട്ട് ഗോളുകൾ താരം നേടിയിട്ടുണ്ട്. തുടർച്ചയായ പരിക്കിനെ തുടർന്ന് രണ്ടര വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് നെയ്മാർ ദേശീയ ടീമിലേക്ക് മടങ്ങിയെത്തുന്നത്.

വിനീഷ്യസ് ജൂനിയർ, റഫീഞ്ഞ, മത്തിയാസ് കുഞ്ഞ്യ, ഗബ്രിയേൽ മാർട്ടിനെല്ലി, എൻഡ്രിക് എന്നിവരാണ് ബ്രസീലിന്റെ ആക്രമണനിരയിൽ ഇടംപിടിച്ചിരിക്കുന്നത്. മധ്യനിരയിൽ ബ്രൂണോ ഗുമറൈസ്, കാസമിറോ, ലുക്കാസ് പക്വേറ്റ, ഫാബിഞ്ഞോ എന്നിവരും പ്രതിരോധത്തിൽ മാർക്കീഞ്ഞോസ്, ബ്രെമർ, അലക്സ് സാൻഡ്രോ എന്നിവരുമുണ്ട്.

ഗോൾകീപ്പർമാരായി അലിസണും എഡേഴ്‌സണും വീവർട്ടണും ടീമിൽ ഇടം നേടി. 2002ന് ശേഷം ആദ്യ ലോകകപ്പ് കിരീടവും ആറാം കിരീടവും ലക്ഷ്യമിട്ടാണ് ബ്രസീൽ ഇറങ്ങുന്നത്.

അതേസമയം ചെൽസി താരം ജോവോ പെഡ്രോയ്ക്ക് ടീമിൽ ഇടം ലഭിച്ചില്ല. മുൻ നായകൻ തിയാഗോ സിൽവ, റിച്ചാർലിസൺ, ആന്റണി എന്നിവരെയും പരിഗണിച്ചിട്ടില്ല. ജൂൺ 14ന് മൊറോക്കോയ്ക്കെതിരെയാണ് ബ്രസീലിന്റെ ആദ്യ മത്സരം.

Leave a comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു