പത്തനംതിട്ടയിൽ രക്ഷാപ്രവർത്തനം ശക്തം; മത്സ്യത്തൊഴിലാളികളുടെ ബോട്ടുകൾ ആറന്മുളയിലേക്കും റാന്നിയിലേക്കും
പത്തനംതിട്ട: കനത്ത മഴയും പമ്പാ നദിയിലെ ജലനിരപ്പ് ഉയരുന്നതും മൂലം പ്രളയഭീഷണി നേരിടുന്ന ആറന്മുള, റാന്നി മേഖലകളിൽ രക്ഷാപ്രവർത്തനം കൂടുതൽ ശക്തമാക്കി. ദുരന്തസാഹചര്യം മുൻകൂട്ടി കണക്കിലെടുത്ത് സംസ്ഥാനത്തിന്റെ വിവിധ തീരപ്രദേശങ്ങളിൽ നിന്ന് മത്സ്യത്തൊഴിലാളികളുടെ ബോട്ടുകൾ ജില്ലയിലേക്ക് എത്തിച്ചിരിക്കുകയാണ്.
കൊല്ലം, കായംകുളം തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുള്ള നിരവധി മത്സ്യബന്ധന ബോട്ടുകളാണ് രക്ഷാപ്രവർത്തനത്തിനായി പത്തനംതിട്ടയിലെത്തിയത്. 2018-ലെ പ്രളയകാലത്ത് നിർണായക പങ്കുവഹിച്ച മത്സ്യത്തൊഴിലാളികൾ ഇത്തവണയും ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കുകയാണ്.
ജില്ലയിലെ സ്ഥിതിഗതികൾ വിലയിരുത്താൻ കോഴഞ്ചേരി റെസ്റ്റ് ഹൗസിൽ മന്ത്രി പി. സി. വിഷ്ണുനാഥിന്റെ അധ്യക്ഷതയിൽ അടിയന്തര യോഗം ചേർന്നു. ജനപ്രതിനിധികളും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു. എൻഡിആർഎഫ്, ഫയർ ഫോഴ്സ്, മത്സ്യത്തൊഴിലാളി സംഘങ്ങൾ ജില്ലയിൽ വിന്യസിച്ചതായും കൂടുതൽ ബോട്ടുകൾ എത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും മന്ത്രി അറിയിച്ചു.
മൂഴിയാർ ഡാമിന്റെ ഷട്ടറുകൾ തുറന്നതിനെ തുടർന്ന് റാന്നിയിലും ആറന്മുളയിലും ജലനിരപ്പ് കൂടുതൽ ഉയരാൻ സാധ്യതയുണ്ടെന്നാണ് അധികൃതരുടെ വിലയിരുത്തൽ. ശബരിമല അയ്യപ്പൻ റോഡിലേക്കും മരങ്ങൾ കടപുഴകി വീണതായി റിപ്പോർട്ടുണ്ട്.
ആറന്മുളയിൽ ഇതിനോടകം വെള്ളക്കെട്ട് രൂക്ഷമായ സാഹചര്യത്തിൽ സ്ഥിതി കൂടുതൽ ഗുരുതരമാകാൻ സാധ്യതയുണ്ടെന്ന് എം.എൽ.എ അബിൻ വർക്കി മുന്നറിയിപ്പ് നൽകി. ജനങ്ങൾ അപകടസാധ്യത കുറച്ച് കാണരുതെന്നും സുരക്ഷിതത്വത്തിനായി ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ഉടൻ മാറണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
ജനങ്ങൾ ഔദ്യോഗിക മുന്നറിയിപ്പുകളും ദുരന്തനിവാരണ വിഭാഗത്തിന്റെ നിർദേശങ്ങളും കർശനമായി പാലിക്കണമെന്ന് അധികൃതർ ആവർത്തിച്ച് അഭ്യർഥിച്ചിട്ടുണ്ട്.
















































































































































































































































































































































































































































