പി.എസ്.സി നിയമന വിവാദം: ആഭ്യന്തര വിജിലൻസ് അന്വേഷണം, റാങ്ക് പട്ടിക പുനഃപരിശോധിക്കും
തിരുവനന്തപുരം: സംസ്ഥാന ആസൂത്രണ ബോർഡിലേക്കുള്ള പി.എസ്.സി നിയമന പരീക്ഷയുമായി ബന്ധപ്പെട്ട വിവാദത്തിൽ ആഭ്യന്തര വിജിലൻസ് അന്വേഷണം നടത്താൻ കേരള പി.എസ്.സി തീരുമാനിച്ചു. പരീക്ഷാ മൂല്യനിർണയത്തിൽ ഗുരുതര വീഴ്ചയുണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. റാങ്ക് പട്ടിക പുനഃപരിശോധിക്കുന്നതിനും മുഴുവൻ ഉത്തരക്കടലാസുകളും വീണ്ടും മൂല്യനിർണയം ചെയ്യുന്നതിനും പി.എസ്.സി യോഗം തീരുമാനമെടുത്തു.
ആസൂത്രണ ബോർഡിലെ ചീഫ് ഇൻഡസ്ട്രി ആൻഡ് ഇൻഫ്രാസ്ട്രക്ചർ, ചീഫ് പ്ലാൻ കോ-ഓർഡിനേഷൻ ഡിവിഷൻ എന്നീ തസ്തികകളിലേക്കുള്ള വിവരണാത്മക പരീക്ഷയുടെ മൂല്യനിർണയത്തിലാണ് ക്രമക്കേട് നടന്നതായി ആരോപണം ഉയർന്നത്. 100 മാർക്കിനുള്ള ചോദ്യപേപ്പറിലെ ഒൻപത് മുതൽ പതിനെട്ട് വരെയുള്ള ചോദ്യങ്ങളുടെ ഉത്തരങ്ങൾ വിലയിരുത്താതെയാണ് റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുകയും നിയമന നടപടികൾ പൂർത്തിയാക്കുകയും ചെയ്തതെന്നാണ് കണ്ടെത്തൽ.
സംഭവം അട്ടിമറിയാണോ അല്ലെങ്കിൽ മൂല്യനിർണയത്തിലെ പിഴവാണോ എന്ന കാര്യത്തിൽ വ്യക്തത വരുത്താനാണ് ആഭ്യന്തര വിജിലൻസ് അന്വേഷണം നടത്തുന്നത്. പുനർമൂല്യനിർണയത്തിന് ശേഷം ആവശ്യമായ തിരുത്തലുകൾ റാങ്ക് പട്ടികയിൽ വരുത്തുമെന്നും പി.എസ്.സി അറിയിച്ചു.
അതേസമയം, വിഷയത്തിൽ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഇടപെട്ടിട്ടുണ്ട്. സംഭവത്തിൽ സർക്കാരും പി.എസ്.സിയും മൂന്ന് ആഴ്ചയ്ക്കകം വിശദീകരണം സമർപ്പിക്കണമെന്നാണ് ട്രൈബ്യൂണലിന്റെ നിർദേശം. ഇതിന്റെ പശ്ചാത്തലത്തിലും പി.എസ്.സി അടിയന്തര യോഗം ചേർന്ന് തുടർനടപടികൾ തീരുമാനിക്കുകയായിരുന്നു.












































































































































































































































































































































































































































