ബോക്സ് ഓഫീസിൽ കുതിപ്പ് തുടരുന്നു; അർജുൻ സർജയുടെ ‘ബ്ലാസ്റ്റ്’ 37 കോടി ക്ലബ്ബിൽ
അർജുൻ സർജയെ നായകനാക്കി സുഭാഷ് കെ രാജ് സംവിധാനം ചെയ്ത ‘ബ്ലാസ്റ്റ്’ മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ തിയറ്ററുകളിൽ മുന്നേറുന്നു. മെയ് 28ന് ആഗോള റിലീസായി എത്തിയ ചിത്രം കുടുംബ പ്രേക്ഷകരെ ഉൾപ്പെടെ ആകർഷിച്ച് മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്.
അർജുൻ സർജയ്ക്കൊപ്പം പ്രീതി മുകുന്ദൻ, അഭിരാമി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന് എല്ലാ കേന്ദ്രങ്ങളിൽ നിന്നുമായി മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. താരങ്ങളുടെ അഭിനയ മികവും കുടുംബ പശ്ചാത്തലത്തിൽ ഒരുക്കിയ കഥയും ചിത്രത്തിന്റെ പ്രധാന ആകർഷണങ്ങളായി പ്രേക്ഷകർ വിലയിരുത്തുന്നു.
ഒരു കരാട്ടെ മാസ്റ്ററുടെയും അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി ചിലർ കടന്നുവരുന്നതും തുടർന്ന് അരങ്ങേറുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. ആക്ഷനും കുടുംബബന്ധങ്ങളും സമന്വയിപ്പിച്ചാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
ബോക്സ് ഓഫീസ് കളക്ഷനിലും ചിത്രം ശ്രദ്ധേയമായ നേട്ടമാണ് സ്വന്തമാക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, ആഗോളതലത്തിൽ ചിത്രം ഇതുവരെ ഏകദേശം 37 കോടി രൂപയുടെ കളക്ഷൻ നേടിയിട്ടുണ്ട്. ഇന്ത്യയിൽ നിന്ന് മാത്രം 30 കോടി രൂപയും വിദേശ വിപണികളിൽ നിന്ന് 7 കോടി രൂപയുമാണ് ചിത്രത്തിന് ലഭിച്ചത്. 18 കോടി രൂപയുടെ ബജറ്റിൽ നിർമ്മിച്ച ചിത്രം ഇതിനോടകം തന്നെ വാണിജ്യവിജയം നേടിയതായാണ് വിലയിരുത്തൽ.
അർജുൻ ചിദംബരം, ദിലീപൻ, ബാല ഹസൻ, ജോൺ കോക്കൻ, രമേശ് നാരായണൻ, പവൻ, വിവേക് പ്രസന്ന, വിനോദ് സാഗർ എന്നിവരും ചിത്രത്തിലെ പ്രധാന താരങ്ങളാണ്. എജിഎസ് എന്റർടൈൻമെന്റിന്റെ ബാനറിൽ നിർമ്മിച്ച ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് രവി ബസ്റൂറാണ്. ഛായാഗ്രഹണം അരുൺ രാധാകൃഷ്ണനും എഡിറ്റിംഗ് പ്രദീപ് രാഘവും നിർവഹിച്ചിരിക്കുന്നു.










































































































































































































































































































































































































