മെയ്‌ 20, 2026
#International News #latest news #News

ലക്ഷദ്വീപിലേക്ക് വിനോദസഞ്ചാരികളുടെ ഒഴുക്ക്; 2024ൽ റെക്കോർഡ് നേട്ടം

Lakshadweep

കൊച്ചി: ആഭ്യന്തര വിനോദസഞ്ചാരികളുടെ പ്രിയ കേന്ദ്രമായി മാറിയതോടെ ലക്ഷദ്വീപിലെത്തുന്ന സഞ്ചാരികളുടെ എണ്ണത്തിൽ വൻ വർധന. കഴിഞ്ഞ നാല് വർഷത്തിനിടെ ദ്വീപ് സന്ദർശിക്കുന്ന വിനോദസഞ്ചാരികളുടെ എണ്ണത്തിൽ റെക്കോർഡ് വളർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ടൂറിസം മേഖലയിലെ വികസന പ്രവർത്തനങ്ങളും സാമൂഹ്യമാധ്യമങ്ങളിലൂടെ ലഭിച്ച വലിയ പ്രചാരണവുമാണ് ലക്ഷദ്വീപിലേക്ക് കൂടുതൽ ആളുകളെ ആകർഷിക്കുന്നതെന്ന് വിലയിരുത്തൽ.

2020-ൽ വെറും 3,875 വിനോദസഞ്ചാരികൾ മാത്രമാണ് ലക്ഷദ്വീപിലെത്തിയത്. എന്നാൽ 2023-ഓടെ ഈ എണ്ണം 46,551 ആയി ഉയർന്നു. 2024-ൽ സർവകാല റെക്കോർഡോടെ 68,328 സഞ്ചാരികളാണ് ദ്വീപുകൾ സന്ദർശിച്ചത്. 2023-നെ അപേക്ഷിച്ച് 2024-ൽ മാത്രം ഏകദേശം 47 ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്.

ബംഗാരം, കട്മത്ത്, അഗത്തി, മിനിക്കോയ് എന്നീ ദ്വീപുകളിലേക്കുള്ള ആഭ്യന്തര സഞ്ചാരികളുടെ ഒഴുക്ക് കഴിഞ്ഞ വർഷം കൂടുതൽ ശക്തമായി. സ്വച്ഛമായ കടൽതീരം, വാട്ടർ സ്പോർട്സ്, സ്കൂബ ഡൈവിംഗ്, കടൽജീവികളുടെ വൈവിധ്യം എന്നിവയാണ് ലക്ഷദ്വീപിനെ വ്യത്യസ്ത വിനോദസഞ്ചാര കേന്ദ്രമാക്കുന്നത്.

വിനോദസഞ്ചാരികളുടെ വർധനയെ തുടർന്ന് താമസസൗകര്യങ്ങൾ, ബോട്ട് സർവീസുകൾ, വിമാന സർവീസുകൾ എന്നിവയും കൂടുതൽ ശക്തിപ്പെടുത്താനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ടൂറിസം മേഖലയിലെ വളർച്ച പ്രാദേശിക സമ്പദ്‌വ്യവസ്ഥയ്ക്കും തൊഴിലവസരങ്ങൾക്കും വലിയ പിന്തുണയാകുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.

Leave a comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു