ഹ്യൂമനോയിഡ് റോബോട്ടുകൾക്ക് ഡിജിറ്റൽ ഐഡി; ഓരോ റോബോട്ടിനും പ്രത്യേക തിരിച്ചറിയൽ കോഡുമായി ചൈന
ബെയ്ജിംഗ്: ഹ്യൂമനോയിഡ് റോബോട്ടുകൾക്ക് പ്രത്യേക ഡിജിറ്റൽ തിരിച്ചറിയൽ സംവിധാനം അവതരിപ്പിച്ച് ചൈന. മനുഷ്യർക്കുള്ള തിരിച്ചറിയൽ കാർഡുകൾക്ക് സമാനമായി, കൃത്രിമ ബുദ്ധി (AI) അധിഷ്ഠിത ഹ്യൂമനോയിഡ് റോബോട്ടുകൾക്ക് പ്രത്യേക ഐഡി നമ്പർ നൽകുന്ന ദേശീയ പദ്ധതിക്കാണ് തുടക്കമായത്.
“ഹ്യൂമനോയിഡ് ഫുൾ ലൈഫ്‌സൈക്കിൾ മാനേജ്മെന്റ് സർവീസ് പ്ലാറ്റ്‌ഫോം” എന്ന പേരിലുള്ള ഈ സംവിധാനം റോബോട്ടുകളുടെ നിർമ്മാണം മുതൽ ഉപയോഗം, പരിപാലനം, റീസൈക്ലിംഗ്, പ്രവർത്തനം അവസാനിപ്പിക്കൽ എന്നിവ വരെ നിരീക്ഷിക്കാൻ സഹായിക്കും.
പുതിയ സംവിധാനപ്രകാരം, ഓരോ ഹ്യൂമനോയിഡ് റോബോട്ടിനും 29 അക്കങ്ങളുള്ള പ്രത്യേക ഡിജിറ്റൽ തിരിച്ചറിയൽ കോഡ് നൽകും. നിർമ്മാതാവ്, മോഡൽ, ഉപയോഗസ്ഥലം, അറ്റകുറ്റപ്പണി വിവരങ്ങൾ എന്നിവയെല്ലാം ഈ കോഡുമായി ബന്ധിപ്പിക്കപ്പെടും.
ചൈനയുടെ വ്യവസായ-വിവര സാങ്കേതിക മന്ത്രാലയത്തിന് കീഴിലുള്ള ഹ്യൂമനോയിഡ് റോബോട്ടിക്സ് ആൻഡ് എംബോഡിഡ് ഇന്റലിജൻസ് സ്റ്റാൻഡർഡൈസേഷൻ കമ്മിറ്റിയാണ് പദ്ധതിക്ക് മേൽനോട്ടം വഹിക്കുന്നത്. സുരക്ഷയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിനൊപ്പം അതിവേഗം വളരുന്ന റോബോട്ടിക്സ് മേഖലയെ കൂടുതൽ ക്രമീകരിക്കുകയുമാണ് ലക്ഷ്യം.
രണ്ട് അക്കങ്ങളുള്ള രാജ്യ കോഡ്, നാല് അക്കങ്ങളുള്ള നിർമ്മാതൃ കോഡ്, ആറ് അക്കങ്ങളുള്ള മോഡൽ കോഡ്, 17 അക്കങ്ങളുള്ള സീരിയൽ നമ്പർ എന്നിവ ചേർന്നതാണ് പുതിയ ഐഡി സംവിധാനം. ഇതിലൂടെ ഓരോ റോബോട്ടിനും വ്യത്യസ്തവും സ്ഥിരവുമായ തിരിച്ചറിയൽ ലഭിക്കും.
പദ്ധതിയുടെ ഭാഗമായി “കോഡ് ഇല്ലെങ്കിൽ വിപണിയിൽ പ്രവേശനമില്ല” എന്ന കർശന നയവും നടപ്പാക്കും. രജിസ്റ്റർ ചെയ്യാത്ത ഹ്യൂമനോയിഡ് റോബോട്ടുകൾക്ക് ചൈനയിൽ വിൽപ്പനയോ വിന്യാസമോ അനുവദിക്കില്ല. തകരാറുകൾ കണ്ടെത്തിയാൽ നിർബന്ധിത റിക്കോൾ പ്രഖ്യാപിക്കണമെന്നും ചട്ടങ്ങളിൽ വ്യക്തമാക്കുന്നു.
റിപ്പോർട്ടുകൾ പ്രകാരം, 100-ലധികം ചൈനീസ് റോബോട്ട് നിർമ്മാതാക്കൾ ഇതിനകം പ്ലാറ്റ്‌ഫോമിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 200-ലധികം മോഡലുകളിലായി 28,000-ത്തിലധികം ഹ്യൂമനോയിഡ് റോബോട്ടുകൾക്ക് ഡിജിറ്റൽ ഐഡി അനുവദിച്ചതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഹ്യൂമനോയിഡ് റോബോട്ടുകളുടെ വ്യാപക ഉപയോഗത്തിനൊപ്പം ശക്തമായ നിയന്ത്രണ സംവിധാനവും ഒരുക്കാനുള്ള ചൈനയുടെ സുപ്രധാന നീക്കമായാണ് ഈ പദ്ധതി വിലയിരുത്തപ്പെടുന്നത്.




































































































































































































































































































































































































